Ind disable

Thursday, March 24, 2011

സോഷ്യല്‍ നെറ്റ്വര്‍ക്കിലെ ആത്മഹത്യ

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലില്‍ നിന്ന് ഒരു പ്രാവശ്യം ഡിലീറ്റ് ചെയ്തതോടെ ആണ് നീ ആദ്യമായി മരിച്ച് പോയത്. അപ്പോ നീ പോയത് ഓര്‍ത്ത് നിന്റെ കൂട്ടുകാര്‍ കരയുന്നത് കണ്ട് നീ ചിരിച്ചു. നിന്നെ എല്ലാവരും ഇത്രമാത്രം സ്നേഹിച്ചിരുന്നു എന്നും നിന്റെ അഭാവം എല്ലാവരിലും പെട്ടന്ന് വരുത്തിയ ശൂന്യതയെക്കുറിച്ചും, നിന്റെ കവിതകളെയും കഥകളെയും,കമന്റ്കളെപ്പെറ്റിയും ആളുകള്‍ പറയുന്നത് അല്‍ഭുതത്തോടെ കേട്ട് നിന്നു. പിന്നീട് നിന്റെ മുറിയിലെ ഏകാന്തത വളര്‍ന്ന് നിനക്ക് ബോറടിച്ചപ്പോള്‍ നീ പിന്നെ വേറേ ഒരു പേരില്‍ പുനര്‍ജ്ജീവിച്ചു. വീണ്ടും കവിതകളെഴുതി, കഥയെഴുതി !ഒരാളുടെ മരണം മറ്റുള്ളവരിലവശേഷിപ്പിക്കുന്ന ആകുലതകള്‍, നിന്നെ കാണാതിരിക്കുമ്പോള്‍ വെറും വാക്കുകളാല്‍ മാത്രം അറിയുന്നവരുടെ ആധി ഇതെല്ലാം നിനക്ക് ജീവിക്കാന്‍ പ്രചോദനമാകുന്നു. സ്വകാര്യമായ ദു:ഖവും അതിനെതുടന്ന് ചെയ്യുന്ന ആത്മഹത്യകളും ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് കൊണ്ട് ഒരു കുറവുണ്ടാകുന്നുണ്ടെങ്കില്‍ നല്ലത് തന്നെ.ആര്‍ദ്രതയുടെ അരുവികള്‍ വറ്റിപ്പോകാത്തവര്‍ നമുക്കായി ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവും


Tuesday, March 15, 2011

സ്നേഹക്കടല്‍

എത്ര ദൂരെ പോയാലും
ഏത് വന്‍‌കരയിലൊളിച്ചാലും
എന്റെ സ്നേഹത്തിന്റെ കടല്‍
നിന്നെ ചുറ്റിയിരിക്കും.
സ്നേഹത്തിന്റെ നേര്‍ത്ത തിരകള്‍
നിന്നിലേക്കടുക്കുന്ന തിരമാലകളാകുമ്പോളാണ്
നീ എന്നും എന്റെ സ്വപ്നങ്ങളുടെ
ആ‍കാശത്തിന് കീഴെ മാത്രമായിരുന്നുവെന്നറിയുക.
അപ്പോള്‍ നാം നടന്ന പാതകള്‍
മുള്‍ചെടികളാല്‍ മൂടപ്പെട്ടിരിക്കും
വനകര കടലെടുത്തിരിക്കും.


Thursday, March 3, 2011

പ്രണയം

എനിക്കറിയാം ഈയിടെ ആയി നിനക്കെന്നോട് പഴയതിനേക്കാള്‍ അടുപ്പം കൂടിയിരിക്കുന്നു എന്ന്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, ഉച്ചക്ക് ഓഫീസില്‍ വെറുതെ ഇരിക്കുമ്പോള്‍ രാത്രികിടക്കാന്‍ നേരം മനസ്സ് അലഞ്ഞ് തിരിഞ്ഞ് എത്തിച്ചേരുന്നത് എന്നിലാണെന്ന് നീ പറഞ്ഞല്ലൊ. പ്രണയം അതെത്ര തീവ്രമായ ഒരു അനുഭവമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നീ പറയുമ്പോലെ അത് ഒരിക്കലും ആര്‍ക്കും വിശദീകരിക്കാനാവാത്ത ഒരു വികാരമാണൊ? പ്രണയത്തില്‍ ശരീരത്തിന്റെ സ്ഥാനമെന്താണ് ? എനിക്കറിയില്ല.. നീ പലപ്പോഴും ആവശ്യപ്പെടുന്ന പോലെ ഉമ്മ എന്ന് പറയാന്‍ പോലുമെനിക്കാവുന്നില്ല.പക്ഷെ നിനക്കുള്ളതാണ് എല്ലാം. എല്ലാം എന്നതിന്റെ അര്‍ത്ഥം ഞാന്‍ വിശദീകരിക്കാനാഗ്രഹിക്കുന്നില്ല, നീ തന്നെ തീരുമാനിക്കണം. എന്റെ സ്നേഹമോ അതോ ഉമ്മയോ? അതോ ഞാന്‍ പറയാതെ തന്നെ നിനക്ക് ഞാന്‍ മേല്‍ തന്നിരുക്കുന്ന സ്വാതന്ത്ര്യം! നീ ആയിരുന്നു എന്റെ ശരികള്‍, എന്റെ ജീവിതത്തിന്റെ അളവ്കോല്‍, നിന്നെപ്പോലെ എന്ന് ഒരിക്കലും ആരും തോന്നിയിട്ടില്ല അല്‍ഭുതം തന്നെ!നീ, നീ മാത്രമായിരിക്കുന്നു. ഓരോ നിമിഷവും നിന്നോടൊപ്പമിരിക്കാന്‍ മനസ്സ് ആഗ്രഹിക്കുന്നു. എന്റെ ഏകാന്തതകളില്‍ നീ എത്രയോ വട്ടം ഓര്‍ത്തിരിക്കാതെ പെയ്യുന്ന ഇടവപ്പാതിയിലെ മഴ പോലെ പെയ്ത് തോര്‍ന്നിരികുന്നു.ഈയിടെയായി ജാലകത്തിനപ്പുറത്ത് എന്നും നിന്റെ ഓര്‍മ മഴ ഓര്‍മകളുടെ ഒരു കുളിര്‍ തെന്നലുമായി എന്നെ പുണരും. അപ്പോഴെല്ലാം ഞാന്‍ നിന്റെ മടിയില്‍ കണ്ണടച്ച് കിടക്കും, നീ എന്റെ അരികിലിരുന്ന് തമുടിച്ചുരുകള്‍ക്കിടയില്ലുടെ നിന്റെ വിരലുകളാല്‍ തലോടും . അനിര്‍വചനീയമായ ഒരു നിര്‍വൃതിയില്‍ ഞാന്‍ മയങ്ങും.