Ind disable

Monday, November 28, 2011

മഞ്ഞുകാലം

ഒരു കാരണവും ഇല്ലാതെ ദേഷ്യപ്പെട്ട് അവന്‍ ഫോണ്‍ വച്ചിട്ട് പോയി. പിന്നീട് ഒന്നു വിളിക്കാന്‍ തോന്നിയതുമില്ല. കയ്യില്‍ ഒരു പുസ്തകം പോലും വായിക്കാനില്ലാത്തതിനാല്‍ വെറുതെ പുതച്ച് മൂടിക്കിടന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കി മഞ്ഞില്‍ മുങ്ങി നില്‍ക്കുന്ന മരങ്ങള്‍ മാത്രം കാണാം. ചെറിയ നടപ്പാതയിലൂടെ ആരൊക്കയോ ഉറക്കെ സംസാരിച്ച് കൊണ്ട് പോകുന്നു. വെറുതെ ഒന്നു പുറത്തിറങ്ങി നടക്കാനാന്‍ തോന്നി. കഥകളിലേത് പോലെ എന്റെ തോളിലൂടെ കയ്യിട്ട് അവനും വേണമെന്നാണ് ഇപ്പൊ ചിന്ത. മഴപോലെ ഈ മഞ്ഞിനെയും അവന്റെ കൂടെ ഞാന്‍ എന്നും അനുഭവിച്ചിട്ടുള്ളത്. വീടിരിക്കുന്ന മലമുകളില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ കാണുന്ന കോടമഞ്ഞിന്റെ ഭംഗിയെക്കുറിച്ച്, രാത്രിയില്‍ റോഡ് കാണാനാവാതെ മലയോരത്തെ നൈറ്റ് കടയില്‍ വണ്ടി നിര്‍ത്തി ചായകുടിക്കുന്നതിനെക്കുറിച്ച്, എല്ലാം അവന്‍ എത്രയോ വട്ടം പറഞ്ഞ് മോഹിപ്പിച്ചിരിക്കുന്നു. ആദ്യമായി കോടമഞ്ഞ് കാണുന്നത് കുടജാദ്രിയില്‍ പോകുമ്പോഴാണ് സ്റ്റഡി ടൂറീന്റെ ഭാഗമായി, നവംബറില്‍ കോടമഞ്ഞും, ചന്നം പിന്നം പെയ്തമഴയും എല്ലാവരെയും തണുപ്പിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന ഷാള്‍ ഒന്നിച്ച് പുതച്ച് മലമുകളില്‍ ഇരുന്നത് ഇന്നലക്കഴിഞ്ഞപോലെ മനസ്സിലുണ്ട് അവന്റെ കവിത ആയിരുന്നു എല്ലാവര്‍ക്കും കേള്‍ക്കേണ്ടത്. ഭൂപേന്ദ്രയുടെ ഒരു ഗസല്‍ പാടി. “കിസി നസര്‍ തേരാ ഇന്തസാര്‍ ആജ് ഭി ഹേ, കഹാ ഹൊ തും ക യെ ദില്‍ ഭികരാര്‍ ആജ് ഭി ഹെ” മനോഹരമായി അവന്‍ പാടി.
അന്ന് അവന്‍ ഒരു കഥയും പറഞ്ഞു എം.ടി യുടെ “വാനപ്രസ്ഥം“. അത് അന്ന് വായിക്കണം എന്ന് മനസ്സില്‍ കരുതിയെങ്കിലും അത് വായിക്കാതെ ഞാന്‍ പിന്നീട് “തീര്‍ത്ഥയാത്ര“ എന്ന പടം കണ്ടു. അവന്‍ പറയുമ്പോലെ ഓരോ നിമിഷവും ഓരോ ജീവിതം. കണ്ണുകളടച്ച് ഞാന്‍ ഉറങ്ങാതെ കിടന്നു.മഞ്ഞുകാലം തണുപ്പുമാത്രമല്ല ചില ഓര്‍മകളും ബാക്കിയാക്കുന്നു, നിന്നെക്കൂറിച്ചുള്ള ചില നനുത്ത സ്നേഹത്തിന്റെ മാത്രം ഓര്‍മ്മകള്‍!!

Monday, November 7, 2011

സ്നേഹത്തിന്റെ തുരുത്തുകള്‍

ഇത്ര നീണ്ട ഒരു ഇടവേള നമുക്കിടയില്‍ ഒരകല്‍ച്ചയും സൃഷ്ടിച്ചില്ല എന്നത് അല്‍ഭുതം തന്നെ, ഒരിക്കല്‍ സ്നേഹിച്ച് പോയവരെ നമ്മള്‍ സ്നേഹിച്ച് കൊണ്ടേയിരിക്കുന്നു ഒരിക്കലും വെറുക്കാനാവാതെ. നിന്റെ ചുണ്ടില്‍ എനിക്ക് ഒരു ചെറിയ പുഞ്ചിരികാണാം. വരണ്ട മരുഭൂമികളില്‍ നീ ഇന്നലെ കാണാന്‍ പോയ ഗ്രീന്‍ ഐലന്റ് ഇന്നലെ എന്റെ സ്വപ്നത്തില്‍ വന്നു. കാടിനെയും പുഴകളെയും സ്നേഹിച്ച് നീ പച്ചപ്പിന്റെ തുരുത്ത് തേടുന്നു. വല്ലാത്ത തിരക്കിനിടയിലും നീ എന്നെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. നിര്‍ബന്ധിതമായ വിശ്രമവേളകളില്‍ എന്റെ ഓര്‍മകളില്‍ മുഴുകുന്നു എന്നോക്കെ നിന്റെ മെസ്സേജ് വായിക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്റെ ആബ്സന്‍സ് നിന്നെ ഒരിക്കലും ബോറടിപ്പിച്ചതേ ഇല്ല എന്ന് പറഞ്ഞ് നീ പിണങ്ങിയപ്പോള്‍ എനിക്ക് ഒന്നും പറയാനെ തോന്നിയില്ല. അല്ലങ്കിലും പറഞ്ഞറിയണ്ടതല്ലൊ സ്നേഹം അത് ഉറവകള്‍ പോലെ മണ്‍പുറ്റ് പോലെ ഉണ്ടായി വരുന്നതാണ് മനസ്സിലെ നിനക്ക് മാത്രം കാണാവുന്ന ഒരു തുരുത്തില്‍ നിന്ന് , മറ്റാരും കാണാതെ എന്നും അവിടെ ഉണ്ടാകും ഒരിക്കല്‍ നീ അത് കാണും അന്ന് ചിലപ്പോള്‍!!!

Thursday, September 29, 2011

പഴഞ്ചന്‍ പ്രേമം

ഞാന്‍ എന്തോക്കെയോ ചെയ്ത് കൂട്ടി ഒന്നുരണ്ടാഴ്ച കഴിഞ്ഞ് പോയിരിക്കുന്നു. ഒന്നിനോടും താല്പര്യമില്ലാത്ത ദിവങ്ങള്‍ ജീവിതത്തില്‍ വിരസമായി അവര്‍ത്തിച്ച്. ഒന്നോര്‍ത്താല്‍ സ്നേഹം എന്നോന്നില്ല എന്ന് പറഞ്ഞ് പണ്ട് എന്നോട് എന്നും തര്‍ക്കിക്കാറുണ്ടായിരുന്ന ഒരു സഹപാഠിയെക്കുറിച്ച് ഈ ദിവസങ്ങളില്‍ ഞാന്‍ ഓര്‍ത്തു. അതിന് പ്രത്യേകം ഒരു കാരണമുണ്ട് , കോളേജില്‍ ഞാന്‍ അവനെ കാണാറുണ്ടായിരുന്നത് ബസ്റ്റോപ്പിലെ മഞ്ഞപ്പൂക്കളുണ്ടാകുന്ന പേരറിയാത്ത ഒരു മരത്തിന്റെ ചുവട്ടിലായിരുന്നു. ആ മരം ആരോ മുറിച്ച് മാറ്റിയെന്ന് കൂട്ടുകാരി വിളിച്ച് പറഞ്ഞു. അങ്ങനെ ആ മഞ്ഞ മരവും ആ കൂട്ടുകാരനും ഓര്‍മയിലെത്തി. എന്റെ സ്നേഹവും തുടങ്ങി വച്ചത് ആ മരത്തിന് ചുവട്ടില്‍ നിന്നായിരിക്കണം കൃത്യമായി അറിയില്ല എന്നാവണം എന്റെ ഉള്ളില്‍ ഇങ്ങനെ ഒരു വികാരം ഉണ്ടായതെന്ന്. സ്നേഹം നിഷ്കളങ്കത,ഗുല്‍മോഹര്‍ മഴ നാട്ടിടവഴികള്‍, നാണം ഇതൊന്നും പ്രേമത്തിന് ഇപ്പോള്‍ പാടില്ലാതായിരുന്നു! കാരണം ഇത് പഴഞ്ചനാണല്ലൊ? എങ്കിലുമെന്താ നിന്നെ കാണുമ്പോള്‍ ഉള്ളം കൈ ഐസ്ക്രീമിനേക്കാള്‍ തണുക്കുന്നതെന്നോ, നിന്റെ കൂടെ ഒരു ഇടവഴിയിലൂടെ മഴ നനഞ്ഞ് നടക്കണമെന്ന് തോന്നുന്നതെന്നോ അറിയില്ല. ആരുമറിയുകയും വേണ്ട, അറിഞ്ഞാല്‍ ഒരു പക്ഷെ അവര്‍.........

Tuesday, August 9, 2011

ഒന്നും


നിന്റെ ഒന്നുമെനിക്കുവേണ്ട
പക്ഷെ എല്ലാം എന്റേതാണുതാനും !

Sunday, July 24, 2011

ഒരു മഴക്കാലയാത്രയില്‍

ഇടിയും മിന്നലുമെല്ലാം ഭൂമിയിലേക്ക് ഇറങ്ങി വന്നത് പോലെ പെയ്ത് കൊണ്ടിരിക്കുന്ന മഴ. കാറിന്റെ ഗ്ലാസ്സിലൂടെ ഒന്നു കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല വണ്ടി വഴില്‍ ഒതുക്കി നിര്‍ത്തി, പിന്നെ സ്വയം അവന്‍ തന്നെ പറഞ്ഞു, ഇത്തിരൂടെ മുന്നോട്ട് പോയാല്‍ ഒരു വെള്ളച്ചാട്ടമുണ്ട് നമുക്കതിന്റെ അരുകില്‍ നിര്‍ത്താം. മഴക്കാലത്ത് മാത്രം കുന്നില്‍ മുകളില്‍ നിന്ന് റോഡ് വരെയെത്തുന്ന മനോഹരമാ‍യ വെള്ളച്ചാട്ടം ഞാന്‍ നോക്കി നില്‍ക്കെ, റോഡ് വക്കില്‍ നിന്നും തീയില്‍ ചുട്ടെടുത്ത ഒരു സ്വീ‍റ്റ് കോണ്‍ വാങ്ങി അവന്‍ വന്നു. ഇനി അന്‍പത് കിലോമീര്‍ കൂടി കാട് അത് കഴിഞ്ഞാല്‍ നമ്മള്‍ അവിടെ എത്തും അല്ലെ? എനിക്കെല്ലാമറിയാം. കാടവസാനിക്കുന്നിടത്ത് അവന്റെ വീട്. അവന്റെ കണ്ണുകളില്‍ അല്‍ഭുതം! മഴ അല്പമൊന്നൊതുങ്ങി. ദൂരെ ആദിവാസികള്‍ താമസിക്കുന്ന കുടിലുകള്‍ മലമുകളില്‍ ഒരു സോപ്പ് പെട്ടി പോലെ കാണാമെന്നായി. ആ മലയെച്ചുറ്റി ഒരു വെളുത്ത പാമ്പ് പോലെ ഒരു പുഴ. താഴവരയില്‍ നിന്നും പതിയെ ഉയര്‍ന്ന് വരുന്ന കോടമഞ്ഞില്‍ ദേഹം തണുത്തു. ഞാന്‍ ബാഗിനുള്ളില്‍ നിന്നും എപ്പഴോ അവന് കൊടുക്കണം എന്ന് കരുതി ഞാന്‍ വാങ്ങിയ,ലാവണ്ടര്‍ കളറില്‍ ഒരു ഷാള്‍ എടുത്തു പുതച്ചു. അപ്പോള്‍ അത് വഴി ദൂരെയുള്ള ആദിവാസിക്കുടിലിലേക്ക് ഒരാള്‍ ഷര്‍ട്ട് പോലും ധരിക്കാതെ മഴ നനഞ്ഞ് പാട്ടും പാടി വെള്ളച്ചാട്ടത്തിനരുകിലൂടെ താഴേക്കുള്ള വഴിലൂടെ നടന്ന് പോയി. പോകുമ്പോള്‍ അയാള്‍ ഞങ്ങളെ ഒന്ന് നോക്കി. ഞാന്‍ ആദ്യമായിട്ടായിരുന്നു അത്രക്ക് നിഷ്കളങ്കമായ ഒരു നോട്ടം ഒരു മുതിര്‍ന്ന മനുഷ്യന്റെ കണ്ണുകളില്‍ കാണുന്നത്. അദ്ദേഹം കാടിനുള്ളിലെത്തിയപ്പോള്‍ എന്തോ പാട്ട് ഉറക്കെപ്പാടി. ആ ഗാനം എനിക്കറിയാത്ത ഭാഷ യില്‍ മനോഹരമായ ഈണത്തില്‍ കാടിലെവിടയോ തട്ടി അത് മുഴങ്ങിക്കൊണ്ടിരുന്നു. ഒരു പക്ഷെ അവന്‍ ഉദ്ദേശിച്ചതിതായിരിക്കണം “ ഇവിടെ നിങ്ങള്‍ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന്. എങ്ങനെയാണ് നിങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമിയും ആകാശവും വില്‍ക്കാനും വാങ്ങാനും കഴിയുക?വായുവും വെള്ളവും നമുക്ക് സ്വന്തമല്ലങ്കില്‍ എങ്ങനെ ആണ് നിങ്ങള്‍ക്ക് വാങ്ങുവാനാകുക.“

Tuesday, May 31, 2011

ഞാന്‍ നിന്റെ ആരാ?

എന്നാ പറ ഞാന്‍ നിന്റെ ആരാ? പെട്ടന്നുണ്ടായ ഒരു ചോദ്യം. എന്ത് ഉത്തരം കൊടുക്കണം. ഞാന്‍ നിന്റെ അരുമല്ലാതിരിക്കുന്നത് പോലെ നീ എന്റെ ആരുമല്ല. ആരുമല്ലാത്ത എല്ലാം.

Wednesday, May 25, 2011

എന്റെ കണ്ണന്

എത്ര ശ്രമിച്ചിട്ടും എനിക് മറക്കാന്‍ കഴിയുന്നില്ല. വെറുതെ വാക്കുകള്‍ എങ്കിലും നീ എന്നെ ഇന്ന് വല്ലാതെ കീഴ്പ്പെടുത്തിക്കളഞ്ഞു. ഞാന്‍ നിന്റെ കൈകളില്‍ കിടന്ന് ഓരോ ഉമ്മയിലും പിടഞ്ഞ് പിടഞ്ഞ് ഇല്ലാതാകുന്നത് പോലെ തോന്നി. നീ എന്തിനാണെന്നെ . നിന്റെ വാക്കുകള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലന്ന് ഞാന്‍ ആഗ്രഹിച്ചതായിരുന്നു ഇന്ന് നടന്നത്. പക്ഷെ നിന്റെ സ്നേഹത്തിന്റെ അടിമയാണ് ഞാന്‍ ചെയ്യുന്ന തെറ്റുകള്‍ പോലും ന്യായികരിക്കാന്‍ നിന്റെ സ്നേഹത്തിന് കഴിയുന്നു. നിന്റെ നെദൂരയെപ്പോലെ “വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് “ഞാനിന്നറിഞ്ഞു. നിന്റെ വാക്കുകള്‍ക്ക് പ്രവര്‍ത്തിയേക്കാള്‍ തീവ്രത. എനിക്കിനി വയ്യ നിന്റേതല്ലാതെ വേറെ ആരുടേതെങ്കിലുമായിരിക്കുന്ന ഓരോ നിമിഷവും ഞാന്‍ ഞാനല്ലാതായിരിക്കുന്നു. എന്റെ കണ്ണന് മാത്രമുള്ളതാണ് ഞാന്‍ .

ആത്മഹത്യക്കും ജീവിതത്തിനുമിടയില്‍

ഇന്ന് നീ ഒരു കവിതയൊ കഥയൊ എഴുതണം കേട്ടൊ, അതിന് ഇല്ല എന്നോ ശരി എന്നോ പറയുന്നതിന് മുന്നെ ഞങ്ങളുടെ സംസാരം നിലച്ച് പോയി. അതിന് ശേഷം മൊബൈലില്‍ നെറ്റ് വര്‍ക്ക് എറര്‍ എന്ന് കാണിച്ച് കൊണ്ടേയിരുന്നു. തനിച്ചിരുന്ന് ആലോചിച്ചു എന്തെഴുതാന്‍. എനിക്കിപ്പോള്‍ ജീവിക്കാന്‍ ഒരു കാരണമില്ലാതായിരിക്കുന്നു. ഇഷ്ടപ്പെട്ടതെല്ലാം ജീവിതത്തില്‍ വന്നു ചേര്‍ന്നു. നല്ല ജോലി, ഇഷ്ടപ്പെട്ട ആളോടൊത്ത് ജീവിതം. കിട്ടാവുന്നതില്‍ ഏറ്റവും നല്ല ബിരുദം. ഒരുപാട് സുഹൃത്തുക്കള്‍. അത് പറഞ്ഞപ്പോള്‍ അവന്‍ ചിരിക്കുകയാണുണ്ടായത്, നീ എന്താ പ്രായമായവരേപ്പോലെ ! എനിക്കറിയില്ല കുറെ ദിവസമായി ഈ വട്ട് തുടങ്ങിയിട്ട് വല്ലാതെ ജീവിതത്തെ സ്നേഹിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ ജീവിക്കാനുള്ള ഒരു കാരണം തേടുന്നു. കണ്ണടച്ച് തുറക്കുന്നത് പോലെ ജീവിതത്തിലെ ദിവസങ്ങള്‍ തീരുന്നതോര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു. ഈ ജീവിതത്തിന് ശേഷം എന്തെന്നറിയാന്‍ ഒരു വല്ലാത്ത ആകാംഷ എന്നെ പിടികൂടിയിരിക്കുന്നു. ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്നപ്പോള്‍ കൂട്ടുകാരിയുടെ സഹോദരന്‍ പ്രേതങ്ങളേക്കുറിച്ചുള്ള ഗവേഷണത്തിനൊടുവില്‍ അങ്ങനെ ഒന്നുണ്ടോ എന്ന് അറിയാന്‍ ആത്മഹത്യ ചെയ്തു എന്ന് കേട്ടപ്പോള്‍ അയാള്‍ക്ക് വട്ടായിരുന്നു എന്ന് തോന്നിയിരുന്നു ഇപ്പോള്‍ അദ്ദേഹം ചെയ്തതാണ് ശരി എന്ന് തോന്നുന്നു. ജീവിതത്തില്‍ തീവ്രമായി അന്വേഷിച്ചിട്ടും കിട്ടാത്ത ഉത്തരങ്ങള്‍ ചിലപ്പോള്‍ മരണത്തിന് ശേഷം കിട്ടുമെങ്കില്‍ ഇങ്ങനെ അസ്വസ്ഥമായി ജീവിക്കുന്നതിലും ഭേദം മരണം തന്നെ ആണ്. ഒരു പക്ഷെ ചിലപ്പോള്‍ നീ ഇത് വായിക്കുന്നതിന് മുന്നെ ഞാന്‍ ഈ ഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതായിരുന്നെങ്കില്‍. നീ എന്നെ ഓര്‍ത്ത് കരയുന്നത് ഞാന്‍ എന്റെ മരണശേഷം കണ്ടിരുന്നെങ്കില്‍. എന്നും എന്റെ മാത്രം എന്ന് തുറന്ന് പറയാന്‍ മടിച്ചിരുന്ന നീ, കുറ്റബോധത്തോടെ നീ‍ ഇല്ലാതെ എനിക്കാവില്ല എന്ന് മനസ്സില്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നെങ്കില്‍ ഞാന്‍ ആശിച്ച് പോകുന്നു. എനിക്ക് മരിക്കാന്‍ ഭയമില്ല. ആത്മഹത്യ ചെയ്യാന്‍ ഇഷ്ടവുമില്ല. ഞാന്‍ ഇങ്ങനെ ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു നൂല്‍പ്പാലത്തില്‍ നിന്നെ ധ്യാനിച്ച് ധ്യാനിച്ച് !!

Wednesday, April 20, 2011

എത്രയും പ്രിയപ്പെട്ട നിനക്ക്

എത്രയും പ്രിയപ്പെട്ട നിനക്ക്
ഇന്ന് നീ എന്നെ വീണ്ടും സ്നേഹത്തെ കുറിച്ച് അതിന്റെ പല പല തലങ്ങളെ കുറിച്ച് ചിന്തിക്കാന് പ്രേരിപിച്ചു. ആദ്യം നമുക്ക് മിട്ടായി വാങ്ങി തരുന്നവരോടാണ് നമുക്ക് സ്നേഹം. പിന്നെയോ നമ്മള് ചോദിക്കുന്നതൊക്കെ വാങ്ങി തരുന്നവരും നമ്മളെ കറങ്ങാന് കറങ്ങാന്‍ കൊണ്ട് പോകുന്നവരും ആണ് സ്നേഹം പിന്നെ വലുതാകുമ്പോള്‍ നമ്മള് സ്നേഹത്തെ തിരിച്ചറിയാന് തുടങ്ങും ... ഒരാളെ കാണുമ്പോള് ഉള്ള ഇഷ്ടം ..അതും സ്നേഹം ഒരു കൂട്ടുകരനോടുള്ള ഇഷ്ടം ...കൂടെ നടക്കുന്ന ആളോടുള്ള ഇഷ്ടം..അതും സ്നേഹം നമ്മളെ ഒരാള് ഇഷ്ടമാണെന്ന് പറഞ്ഞാല് അയാളോടും സ്നേഹം ..പിന്നെ പിന്നെ നമ്മുക്ക് സ്നേഹത്തെ അല്ലെങ്ങില് നമ്മളെ തിരിച്ചറിയാന് തുടങ്ങും..നമ്മള് ഡിമാന്റ് ചെയ്യാന് തുടങ്ങും..സ്നേഹം എന്നാല് ഇതായിരിക്കണം ..അതായിരിക്കണം..എന്നെ സ്നേഹിക്കുന്ന ആള് ഇങ്ങനെ ആയിരിക്കണം അങ്ങനെ ആയിരിക്കണം.. എന്നെ മനസിലാക്കണം, എന്നെ നന്നായിട്ട് മനസിലാക്കുന്ന ആളായിരിക്കണം ...അങ്ങനെ എന്തെല്ലാം എന്തെല്ലാം വിചാരങ്ങള്..അങ്ങനെ നമ്മള് സ്നേഹിച്ചും സ്നേഹിക്കപെട്ടും അവസാനം ഒരു കാര്യം മനസിലാകും ഒരു വലിയ സത്യം ... സ്നേഹം എന്നത് ഒന്നുമില്ല...അത് വെറും അഡ്ജസ്റ്റ്മെന്റ് മാത്രം...ബിറ്റുവീന്‍ ടു പീപ്പിള് ഓഫ് ഒപോസിറ്റെ സെക്സ്...Just to have a pleasurable sharing ..when this is over, love is over..ഇതല്ലെ സത്യം??

പ്രണയകാലം

ഇന്ന് ഞാന്‍ സ്‌നേഹിക്കുന്ന പുരുഷനോടൊത്ത് ഒന്നായിരിക്കുകയാണ്.
ലോകാരംഭത്തിനു മുന്‍പേ ദൈവകരങ്ങളിലെ ഒരൊറ്റ പ്രകാശസ്രോതസ്സില്‍നിന്നും ഉതിര്‍ന്നവരാണ് ഞാനും അയാളും. എന്റെ ആഹ്ലാദത്തെ എന്നില്‍നിന്ന് എടുക്കാന്‍ കഴിയുന്ന ഒരു ശക്തിയും സൂര്യനുകീഴിലില്ല. എന്തെന്നാല്‍, സ്വര്‍ഗത്താല്‍ സംരക്ഷിക്കപ്പെടുകയും സ്‌നേഹത്താല്‍ പ്രസരിക്കപ്പെടുകയും അവബോധത്താല്‍ ഉള്‍ക്കൊള്ളുകയും ചെയ്ത രണ്ട് ആശ്ലേഷിക്കപ്പെട്ട ചൈതന്യങ്ങളില്‍നിന്നാണ് അത്് പുറത്തുവരുന്നത്"
ഖലീല്‍ ജിബ്രാന്റെ പുസ്തകം വായിച്ച് ഞാന്‍ ഊറിച്ചിരിച്ചു. ഇത്രയും സന്തോഷം അടുത്തകാലത്തെങ്ങും എനിക്കുണ്ടായിട്ടേയില്ല. ഞങ്ങള്‍ക്കായി ഇല്ലാത്ത ഒരു വീടിനെക്കുറിച്ച് ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു. അവനെ ഓര്‍ക്കാതെ ഞാനും എന്നെ ഓര്‍ക്കാതെ അവനും കഴിഞ്ഞ നാളുകള്‍ മറന്ന് പോയിരിക്കുന്നു. എന്റെ ജീവിതത്തില്‍ പ്രണയത്തോളം തീവ്രമായ ഒരു വാക്ക് ഇല്ലാതായിരിക്കുന്നു. നിന്നെക്കുറിച്ച് ഓര്‍ത്ത് എന്തെന്നില്ലാതെ മനസ്സ് വെറുതെ ആദ്രമാകുന്നു.

Tuesday, April 5, 2011

സ്വപ്നം

ഇന്നലെ നീ ഫോണ്‍ ചെയ്ത് കഴിഞ്ഞ് എനിക്ക് വെറുതെ സങ്കടം വന്നു. എന്തിനാണ് എന്നെനിക്കറിയില്ല, രാത്രി ഉറങ്ങാതെ കിടന്ന് ഞാന്‍ കുറേ നേരം കരഞ്ഞു. എനിക്ക് നീ ഇല്ലാതെ ജീവിക്കാനാകില്ലാന്ന് പറഞ്ഞിട്ടും നീ പിന്നെയും “ഉമ്മ” ചോദിച്ച് കൊണ്ടേയിരിക്കുന്നു. അങ്ങനെ നിന്നെ വെറുത്തും സ്നേഹിച്ചും ചീത്തവിളിച്ചും കിടന്ന് ഞാ‍ന്‍ എപ്പോഴോ ഉറങ്ങിപ്പോയി. അത് ഒരു മയക്കമായിരുന്നിരിക്കണം കാരണം ഞാന്‍ കുറെ സ്വപ്നങ്ങള്‍ കണ്ടു. മനോഹരമായ സ്വപ്നങ്ങള്‍. കാടു തുടങ്ങുന്നിടത്തെ അവസാനത്തെ നിന്റെ വീടായിരുന്നു എനിക്ക് അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്. എന്നെങ്കിലുമൊരിക്കല്‍ എന്റേതാകുന്ന ആ വീടിന്റെ മുറ്റത്ത് നിന്നാല്‍ മലഞ്ചെരുവില്‍ നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റും, മലയെ ചുറ്റിപ്പോകുന്ന ഒരു വെളുത്ത അരുവിയും കാണാനുണ്ടായിരുന്നു. ഞാന്‍ കുറെ നേരം അവിടെ തന്നെ നിന്നു. പെട്ടന്ന് കാറ്റില്‍ നിറയെ കാപ്പിപ്പൂക്കളുടെ മണം നിറഞ്ഞു. താഴ്വാരത്തിലെവിടയൊ വെളുത്ത കാപ്പിപ്പൂക്കള്‍ ഒന്നിച്ച് പൂവിട്ടിരിക്കണം. ഞാന്‍ കണ്ണടച്ചു നിന്നു. എവിടെ നിന്നെന്നറിയില്ല പെട്ടന്നവിടെ ഒരു വലിയ കാറ്റ് വന്നു, കാറ്റിനൊപ്പം മഴയും പെയ്തിറങ്ങി. നൂലുനൂലായി തുടങ്ങിയ മഴയില്‍ പെട്ടന്ന് പുതുമണ്ണിന്റെ ഗന്ധം പരന്നു. മയയില്‍ മരങ്ങള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി, ഇലച്ചാര്‍ത്തുകളില്‍ നിന്നിറ്റ് വീണ മഴത്തുള്ളികള്‍ പെട്ടന്ന് ഒരു പുഴയായി ഒഴുകാന്‍ തുടങ്ങി.

Thursday, March 24, 2011

സോഷ്യല്‍ നെറ്റ്വര്‍ക്കിലെ ആത്മഹത്യ

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലില്‍ നിന്ന് ഒരു പ്രാവശ്യം ഡിലീറ്റ് ചെയ്തതോടെ ആണ് നീ ആദ്യമായി മരിച്ച് പോയത്. അപ്പോ നീ പോയത് ഓര്‍ത്ത് നിന്റെ കൂട്ടുകാര്‍ കരയുന്നത് കണ്ട് നീ ചിരിച്ചു. നിന്നെ എല്ലാവരും ഇത്രമാത്രം സ്നേഹിച്ചിരുന്നു എന്നും നിന്റെ അഭാവം എല്ലാവരിലും പെട്ടന്ന് വരുത്തിയ ശൂന്യതയെക്കുറിച്ചും, നിന്റെ കവിതകളെയും കഥകളെയും,കമന്റ്കളെപ്പെറ്റിയും ആളുകള്‍ പറയുന്നത് അല്‍ഭുതത്തോടെ കേട്ട് നിന്നു. പിന്നീട് നിന്റെ മുറിയിലെ ഏകാന്തത വളര്‍ന്ന് നിനക്ക് ബോറടിച്ചപ്പോള്‍ നീ പിന്നെ വേറേ ഒരു പേരില്‍ പുനര്‍ജ്ജീവിച്ചു. വീണ്ടും കവിതകളെഴുതി, കഥയെഴുതി !ഒരാളുടെ മരണം മറ്റുള്ളവരിലവശേഷിപ്പിക്കുന്ന ആകുലതകള്‍, നിന്നെ കാണാതിരിക്കുമ്പോള്‍ വെറും വാക്കുകളാല്‍ മാത്രം അറിയുന്നവരുടെ ആധി ഇതെല്ലാം നിനക്ക് ജീവിക്കാന്‍ പ്രചോദനമാകുന്നു. സ്വകാര്യമായ ദു:ഖവും അതിനെതുടന്ന് ചെയ്യുന്ന ആത്മഹത്യകളും ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് കൊണ്ട് ഒരു കുറവുണ്ടാകുന്നുണ്ടെങ്കില്‍ നല്ലത് തന്നെ.ആര്‍ദ്രതയുടെ അരുവികള്‍ വറ്റിപ്പോകാത്തവര്‍ നമുക്കായി ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവും


Tuesday, March 15, 2011

സ്നേഹക്കടല്‍

എത്ര ദൂരെ പോയാലും
ഏത് വന്‍‌കരയിലൊളിച്ചാലും
എന്റെ സ്നേഹത്തിന്റെ കടല്‍
നിന്നെ ചുറ്റിയിരിക്കും.
സ്നേഹത്തിന്റെ നേര്‍ത്ത തിരകള്‍
നിന്നിലേക്കടുക്കുന്ന തിരമാലകളാകുമ്പോളാണ്
നീ എന്നും എന്റെ സ്വപ്നങ്ങളുടെ
ആ‍കാശത്തിന് കീഴെ മാത്രമായിരുന്നുവെന്നറിയുക.
അപ്പോള്‍ നാം നടന്ന പാതകള്‍
മുള്‍ചെടികളാല്‍ മൂടപ്പെട്ടിരിക്കും
വനകര കടലെടുത്തിരിക്കും.


Thursday, March 3, 2011

പ്രണയം

എനിക്കറിയാം ഈയിടെ ആയി നിനക്കെന്നോട് പഴയതിനേക്കാള്‍ അടുപ്പം കൂടിയിരിക്കുന്നു എന്ന്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, ഉച്ചക്ക് ഓഫീസില്‍ വെറുതെ ഇരിക്കുമ്പോള്‍ രാത്രികിടക്കാന്‍ നേരം മനസ്സ് അലഞ്ഞ് തിരിഞ്ഞ് എത്തിച്ചേരുന്നത് എന്നിലാണെന്ന് നീ പറഞ്ഞല്ലൊ. പ്രണയം അതെത്ര തീവ്രമായ ഒരു അനുഭവമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നീ പറയുമ്പോലെ അത് ഒരിക്കലും ആര്‍ക്കും വിശദീകരിക്കാനാവാത്ത ഒരു വികാരമാണൊ? പ്രണയത്തില്‍ ശരീരത്തിന്റെ സ്ഥാനമെന്താണ് ? എനിക്കറിയില്ല.. നീ പലപ്പോഴും ആവശ്യപ്പെടുന്ന പോലെ ഉമ്മ എന്ന് പറയാന്‍ പോലുമെനിക്കാവുന്നില്ല.പക്ഷെ നിനക്കുള്ളതാണ് എല്ലാം. എല്ലാം എന്നതിന്റെ അര്‍ത്ഥം ഞാന്‍ വിശദീകരിക്കാനാഗ്രഹിക്കുന്നില്ല, നീ തന്നെ തീരുമാനിക്കണം. എന്റെ സ്നേഹമോ അതോ ഉമ്മയോ? അതോ ഞാന്‍ പറയാതെ തന്നെ നിനക്ക് ഞാന്‍ മേല്‍ തന്നിരുക്കുന്ന സ്വാതന്ത്ര്യം! നീ ആയിരുന്നു എന്റെ ശരികള്‍, എന്റെ ജീവിതത്തിന്റെ അളവ്കോല്‍, നിന്നെപ്പോലെ എന്ന് ഒരിക്കലും ആരും തോന്നിയിട്ടില്ല അല്‍ഭുതം തന്നെ!നീ, നീ മാത്രമായിരിക്കുന്നു. ഓരോ നിമിഷവും നിന്നോടൊപ്പമിരിക്കാന്‍ മനസ്സ് ആഗ്രഹിക്കുന്നു. എന്റെ ഏകാന്തതകളില്‍ നീ എത്രയോ വട്ടം ഓര്‍ത്തിരിക്കാതെ പെയ്യുന്ന ഇടവപ്പാതിയിലെ മഴ പോലെ പെയ്ത് തോര്‍ന്നിരികുന്നു.ഈയിടെയായി ജാലകത്തിനപ്പുറത്ത് എന്നും നിന്റെ ഓര്‍മ മഴ ഓര്‍മകളുടെ ഒരു കുളിര്‍ തെന്നലുമായി എന്നെ പുണരും. അപ്പോഴെല്ലാം ഞാന്‍ നിന്റെ മടിയില്‍ കണ്ണടച്ച് കിടക്കും, നീ എന്റെ അരികിലിരുന്ന് തമുടിച്ചുരുകള്‍ക്കിടയില്ലുടെ നിന്റെ വിരലുകളാല്‍ തലോടും . അനിര്‍വചനീയമായ ഒരു നിര്‍വൃതിയില്‍ ഞാന്‍ മയങ്ങും.

Sunday, February 27, 2011

കാത്തിരുപ്പ്

ഇവിടെ വേനലിന് തുടക്കമാകാന്‍ സമയമായി നിനക്കറിയാമല്ലൊ വേനല്‍ തുടങ്ങിയാല്‍ ഗുല്‍മോഹര്‍, മണ്ണില്‍ നിന്നുയരുന്ന ആവിപ്പൂക്കള്‍, മെയ്മാസ ലില്ലികള്‍..കണിക്കൊന്നകള്‍..കണ്ണെത്താ ദൂരത്തോളം കൊയ്ത് കൂട്ടിയ വയലുകള്‍ ഞാന്‍ മനസ്സിലാക്കുന്നു നീ പറഞ്ഞത് പോലെ വേനലിനും, മഴക്കാലം പോലെ തന്നെ സൌന്ദര്യമുണ്ട്. ഇവിടെ ഞാന്‍ മിക്കദിവസങ്ങളിലും കാട്ടിലൂടെ സഞ്ചരിക്കേണ്ടതായി വരാറുണ്ട്..നിന്നേപ്പോലെ എനിക്കും കാട് ഇഷ്ടമാ‍ണേന്നറിയാമല്ലൊ.പക്ഷെ ഇവിടുത്തെ ട്രോപ്പിക്കല്‍ ഫോറസ്റ്റിന് നിന്റെ നാട്ടിലെ റെയിന്‍ ഫോറസ്റ്റിന്റെ ഒരു ഭംഗിയും ഇല്ല . റെയിന്‍ ഫോറസ്റ്റിനാണ് എപ്പോഴും സൌന്ദര്യം എന്നാണല്ലൊ നിന്റെ കണ്ടെത്തല്‍.ആകാശം മുട്ടെ വളര്‍ന്ന് നില്‍ക്കുന്ന ഇടതൂര്‍ന്ന മരങ്ങള്‍. നിറയെ പക്ഷികളും മൃഗങ്ങളും,ഒരിക്കലും വറ്റാത്ത കുഞ്ഞ് അരുവികളും വെള്ളച്ചാട്ടങ്ങളും..ഇടയ്ക്കിടയ്ക്ക് കാ‍ടിന്റെ ഒരു മൂലയില്‍ നിന്ന് പരക്കുന്ന കോടമഞ്ഞ്. ചാഞ്ഞ് പെയ്യുന്ന ചാറ്റല്‍മഴ ഇലകള്‍ക്കിടയിലൂടെ ഊര്‍ന്ന് വീഴുന്ന ശബ്ദം! നീ ഒരിക്കല്‍ പറഞ്ഞിട്ടില്ലെ നിന്റെ വീടിന്റെ ഒരറ്റം അവസാനിക്കുന്നിടത്താണ് കാട് തുടങ്ങുന്നത് എന്ന്. അവിടുത്തെ പച്ചപ്പും കുറച്ച് ദൂരം പോകുമ്പോള്‍ തടാകത്തില്‍ എന്നും നീലാകാശം മരങ്ങള്‍ക്കിടയില്ലുടെ അതിലേക്കെത്തിനോക്കുന്നതും. ഒരു കുഞ്ഞ് കാറ്റില്‍ പോലും ഉയരുന്ന ഇലകളുടെ മര്‍മരംവും.പേരറിയാത്ത പക്ഷിക്കൂടങ്ങളെയും കാണാന്‍ നമുക്കൊരിക്കല്‍ പോകണം. കുന്നിന്‍ ചെരുവിലെ നിന്റെ വീട്. നീ പഠിച്ച് സ്കൂള്‍, നീ വായിച്ചിരുന്ന പുസ്തകം എടുത്തിരുന്ന ലൈബ്രറി. നിന്റെ വീട്ടുകാരറിയാതെ നീ സിഗരറ്റ് വാങ്ങുന്ന കട. നിന്റെ ബസ്റ്റോപ്പ്.അങ്ങനെ അങ്ങനെ..എല്ലാം എല്ലാം നിന്റെ കണ്ണുകളിലൂടെ എനിക്ക് എല്ലാം നോക്കിക്കാണണം ഞാന്‍ കാത്തിരിക്കുന്നു