Ind disable

Friday, October 29, 2010

അസ്വഭാവികമല്ലാത്ത ചില കാഴ്ചകള്‍

എപ്പോഴും എന്തെഴുതനാണ് നിന്നെക്കുറിച്ച്. ഒരു പക്ഷെ തിരക്കിനിടയില്‍ നിന്റെ മന്‍സ്സില്‍ പോലും ഞാന്‍ ഉണ്ടായിരിക്കില്ല. ഉണ്ടങ്കില്‍ തന്നെ ആരും കാണാതെ ഒന്നു നോക്കി പുഞ്ചിരിച്ച് മനസ്സിനുള്ളില്‍ പൂട്ടി വച്ചിരിക്കാം. ഞാനാകാട്ടെ മിക്കപ്പോഴും നിന്റെ ഓര്‍മകളില്‍ മുങ്ങി..ഒരു പഴയ കാലം ഏതോ ചുടുകാട്ടില്‍ നിന്നു എന്നെ മാത്രം തേടി വരുന്നതു പോലെ..ജീവിതവും സ്വപ്നവും തമ്മില്‍ ബന്ധിപ്പിക്കാന്‍ പെടാപ്പാടു പെടുന്നു. വാലോ തലയോ ഇല്ലാത്ത ഏതോ ഓര്‍മകള്‍..ഈ ഓര്‍മകളിലെ ലോകം ചിലപ്പോള്‍ ദൃശ്യലോകത്തേക്കാള്‍ യാഥാര്‍ഥ്യമായിരിക്കുന്നു.റിയലിസ്റ്റിക് ജീവിതത്തില്‍ പതിവില്ലാത്തതും എന്നാല്‍ ജീവിതത്തില്‍ അനിഷേധ്യസാന്നിധ്യമായി അനുഭവപ്പെടുന്നതുമായ എന്തോ ഒന്ന് നമ്മളെ ബന്ധിപ്പിച്ചിരിക്കുന്നു.ആള്‍ക്കൂട്ടത്തിനിടയില്‍ യാത്ര ചെയ്യുന്ന സമയത്തും സ്വന്തമായ ഒരു വിചാര ലോകത്തില്‍ എന്നെ കാണുന്നു. സ്വപ്നങ്ങളെക്കുറിച്ചും, രാത്രിയില്‍ അണഞ്ഞുപോകുന്ന ചില നക്ഷത്രങ്ങളെക്കുറിച്ചും നീ സങ്കടപ്പെടുന്നു. നീ എപ്പോഴും പറയാറുണ്ടല്ലൊ എല്ലാവര്‍ക്കും അവരുടേതായ ഭൂമിയും ആകാശവും.അതില്‍ ഞാനും നീയും ഞാനും മാത്രവും. എനിക്കറിയാം ഈ നിമിഷം നീ എന്നെ ഓര്‍ത്തിരിക്കാം. ആരും കാണാതെ പൂട്ടിവച്ചിരിക്കുന്ന നിനക്കടച്ച് വയ്ക്കാനാവാത്തതില്‍ നീ സങ്കടപ്പെടുന്നത് നിന്റെ മുഖത്തിപ്പോള്‍ എനിക്ക് വായിച്ചെടുക്കാം.അസ്വഭാവികമല്ലാത്ത ചില കാഴ്ചകള്‍!

Wednesday, October 27, 2010

ഒരിക്കല്‍..

നിനക്ക് കുട്ടികളുടെ സ്വഭാവമാണ്. അല്ലാതെ ഞാനെന്താ പറയുക. എന്നുള്ള മറുപടിക്കൊപ്പം അവന്റെ ഫിലോസഫി ആയി “The real genius for love lies not in getting into, but getting out of love“ എന്ന് കൂടി ചേര്‍ത്ത് ഫോണ്‍ കട്ട് ചെയ്തു. എന്റെ സ്നേഹം വേണ്ട എന്നതിനേക്കാല്‍ എന്റെ സ്നേഹത്തിന്റെ ബന്ധനങ്ങളെയാണവന്‍ ഭയക്കുന്നത് എന്ന് തോന്നി. കൈ നീട്ടി ഒന്നു തൊടാവുന്ന ദൂ‍രത്തിലും കണ്ണില്‍ പോലും പെടാതെ പോകാനാഗ്രഹിക്കുന്നു. അല്ലങ്കില്‍ തന്നെ പ്രണയം സ്വാര്‍ത്ഥതയില്‍ നിന്നാണുണ്ടാകുന്നത്. എന്റേതാക്കണമെന്ന സ്വാര്‍ത്ഥതയില്‍ നിന്നും. അപ്പോള്‍ സ്വന്തമാക്കാനല്ലാത്ത പ്രണയം ഒരു സത്യമാണൊ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ അപ്പോഴെ വരുമവന്റെ മറുപടി അപ്പോള്‍ ഇപ്പോഴും നിനക്കെന്നെ പൂര്‍ണ്ണമായും മനസ്സിലായില്ല.അല്ലങ്കില്‍ തന്നെ നീ എന്നെ ശരിക്കും പ്രണയിച്ചിട്ടുണ്ടോ.?അതോ..ഈ രൂപത്തെയാണോ നീ ഇഷ്ടപ്പെടുന്നത്? നമുക്കിടയിലെന്താണ്? രണ്ട് സമാന്തരരേഖകള്‍. ഒരേസമയം സമവും അസമവുമായ ദ്വിമാനങ്ങളില്‍ ഗതിവേഗമാര്‍ന്ന് ചലിച്ചുകൊണ്ടിരിക്കുമ്പോഴും ഒരിയ്ക്കല്‍ അനന്തതയിലോരുമിച്ചേക്കാമെന്ന ഒരു പ്രതീക്ഷ!

Friday, October 22, 2010

ഘടികാരങ്ങള്‍ നിലയുക്കുന്ന നേരം

മൊബൈല്‍ ഫോണിന്റെ റിങ് ടോണ്‍ മാക്സിമം വോളിയത്തിലായിരുന്നു സെറ്റ് ചെയ്തിരുന്നതെങ്കിലും ഒന്നൂടെ കയ്യിലെടുത്ത് ഉറപ്പ് വരുത്തി..ഇനി ഞാനറിയാതെ ഇടയ്ക്കെങ്ങാനും. ഇനി ഇന്ന് കാണില്ലാന്ന് പറഞ്ഞാണ് പോയെതെങ്കിലും ഒരു ഫോണ്‍ കോള്‍ കണ്ണുകള്‍ ചെന്നെത്തിയത് ഗുല്‍മോഹറിന്റെ ചില്ലകളിലേയ്ക്കാണ്. നാട്ടിടവഴികള്‍ പോളെ പച്ച ഞരമ്പുകള്‍ പാഞ്ഞ് പോകുന്ന ഇലകളുമായി തളിര്‍ത്ത് നില്‍ക്കുന്നു ഗുല്‍മോഹര്‍. നിറയെ ഇലകളുമായി ഇനി ഒരു കൊടും വേനലില്‍ പൂക്കാന്‍ കാത്തിരിക്കുന്നു.കണ്ണുകളടച്ച് ഓര്‍മകളിലേക്ക് ഊളിയിട്ടു. അല്ലങ്കില്‍ തന്നെ അര്‍ത്ഥശൂന്യമായ കാത്തിരുപ്പുകളില്‍ ഒരാള്‍ക്ക് എന്താണ് ചെയ്യാനുണ്ടാവുക! വെറുതെ യാന്ത്രികമായി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്.
അവനെപ്പോഴും ഇങ്ങനെയാണ്. ഒന്നു സംസാ‍രിക്കണമെന്ന് തോന്നുമ്പോള്‍ ആളെ കിട്ടാറില്ല. തനിച്ചുള്ളപ്പോഴെ എന്നെ ഓര്‍ക്കൂ എന്ന എന്റെ പരാതിയും ചിരിച്ച് തള്ളും. മറ്റുചിലപ്പോഴാകാട്ടെ എവിടെ നിന്നോ പെട്ടന്ന് ഒരു ചിരിയുമായി പ്രത്യക്ഷപ്പെടും. എവിടെ നിന്നോ തുടങ്ങി എവിടയോ അവസാനിക്കുന്ന ചില നേരമ്പോക്കുകള്‍. ഒന്നോര്‍ത്തെടുക്കാമെന്ന് വിചാരിച്ചാല്‍ ഒന്നുമുണ്ടാവില്ല. പക്ഷെ പോയ്ക്കഴിയുമ്പോള്‍ എപ്പോഴും എനിക്കു ചുറ്റും പിച്ചിയുടെയും, മുല്ലയുടെയും, കാപ്പിപ്പൂവിന്റെയും, ചെമ്പകത്തിന്റെയും ഇലഞ്ഞിയുടെയും പിന്നെ പേരറിയാത്ത ഏതോക്കയോ കാട്ടു പൂക്കളുടെയും മണം തങ്ങി നില്‍ക്കും. അവനുമാത്രമറിയാവുന്ന ജാലവിദ്യ!എന്ത് പറയാന്‍ ഘടികാരങ്ങള്‍ നിലയുക്കുന്ന നേരങ്ങളില്‍ ഇങ്ങനെ ഒരാളുടെ ഓര്‍മകളും ഞാനും മാത്രം..അത് മതി ..അത് മാത്രം മതി..

Thursday, October 21, 2010

ഒടുവിലത്തെ വാക്ക്

നീയെന്നെക്കുറിച്ചെഴുതിയ
ഓരോ വാക്കുകളിലൂടെയും കണ്ണോടിക്കുമ്പോള്‍
ഞാനോര്‍ക്കാറുണ്ട് ചിലപ്പോള്‍
എന്നെക്കുറിച്ചുള്ള അവസാന വരികളാണിതെന്ന്.

തിരക്കോഴിഞ്ഞ ഒരു സായന്തനത്തിലോ
നീണ്ട ബസ് യാത്രയിലോ
നീ പിന്നെയും എന്നെ ഓര്‍ത്തെടുക്കും..

ഘടികാരത്തിന്റെ രണ്ട് പന്ത്രണ്ടുകള്‍ക്കിടയില്‍
എനിക്കിപ്പോള്‍ ഒരേ ചിന്ത..
എന്താവും നിനക്കെന്നോട് പറയാനുള്ള
ഒടുവിലത്തെ വാക്ക്

Monday, October 11, 2010

ഓര്‍മകള്‍

നിറങ്ങളുടെ നിറവില്‍ ഒറ്റപ്പെടുന്ന
കറുപ്പും വെളുപ്പും പോലെ
പാതയുടെ ഇരുവശങ്ങളിലുമായി വേര്‍പെടുന്ന നീയും ഞാനും
നമുക്കിടയില്‍ നേര്‍ത്ത നൂല്‍പ്പാലമായി
നിലാവു വീണ ഓര്‍മകളും
വായിച്ചിരുന്ന ബുക്ക് അടച്ചു വച്ചു. ഇടക്ക് മുറിഞ്ഞ് പോയ സംഭാഷണത്തിനൊടുവില്‍ അവന്‍ പിണങ്ങിപ്പോയപ്പോള്‍ ബുക്ക് എടുത്ത് വായിക്കാനിരുന്നതാണ്. ഇപ്പോള്‍ അവനെന്തെടുക്കുകയാവും നേര്‍ത്ത ഓറഞ്ച് മണമുള്ള ലോസാഞ്ചലസ് ആഫ്റ്റര്‍ ഷേവ് ലോഷന്റെയും, ഗോള്‍ഡ് ഫ്ലാക്ക് സിഗരിറ്റെയും മണവുമായി ചിലപ്പോള്‍ ഏതെങ്കിലും കോഫിഡേയില്‍ ഇരുപ്പാവാം, അല്ലങ്കില്‍ മൊബൈലില്‍ ഗുലാം അലിയുടെ 'ബഹാരോം കോ ചമന്‍ യാദ് ഗയാ ഹേഎന്ന ഗാനം കേട്ട്നഗരത്തിലൂടെ ബൈക്കോടിക്കുകയാവാം. ഉറക്കം വരാതെ തിരിഞ്ഞ് കിടക്കുമ്പോള്‍ വെറുതെ അവനെക്കൂറിച്ച് മാത്രമോര്‍ത്തു കണ്ണടച്ച് കിടന്നു. കണ്ണുകള്‍ തുറക്കാന്‍ തോന്നിയില്ല..എനിക്കറിയില്ല എന്തിനാണ് ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതെന്ന്‍ , അതെന്തിനെന്ന്‍ അറിയാതിരിക്കട്ടെ.