Ind disable

Friday, December 17, 2010

നീ മാത്രമറിയാന്‍

നീ മാത്രമറിയാന്‍
ഞാനൊരു രഹസ്യം പറയാം.
നിന്റെ മൌനത്തിന് സമുദ്രത്തിന്റെ ആഴവും
പര്‍വ്വതങ്ങളുടെ ഉയരുവുമാണ്.
നദിയുടെ നീലിമയിലും
പര്‍വ്വതങ്ങളുടെ വെണ്മയിലും
അലിഞ്ഞ് ചേര്‍ന്നിരിക്കുന്നത്
നിന്നോടുള്ള എന്റെ തീരാത്ത സ്നേഹവും.


Thursday, December 16, 2010

ഒരു പൈങ്കിളി പ്രണയം

നിന്നെ ഞാന്‍ സ്നേഹിക്കുന്നത്
ഞാന്‍ പോലുമറിഞ്ഞില്ല
രാവുകളില്‍
പൂമുഖപ്പടിയില്‍ കിടന്ന്
അന്യ നക്ഷത്രങ്ങളിലേക്ക്
മിഴിപാ‍യിച്ച്
ആകാശത്ത്
മിഴികളാല്‍ കുത്തിവരച്ച
രൂപങ്ങളില്‍ നിന്ന്
നീയിറങ്ങി വരുന്നത് വരെ.Monday, December 13, 2010

സമ്മര്‍ദ്ദകാലത്തെ പ്രണയം

രാത്രി വെറുതെ സംസാരിക്കുന്നതിനിടയിലാണ് അവന്‍ പറഞ്ഞത് ഞാന്‍ പുതിയ കവിത എഴുതി എന്ന്. കേട്ടപ്പോള്‍ നല്ല സന്തോഷം തോന്നി.തികഞ്ഞ ആകാംഷയോടെ ഞാന്‍ ചോദിച്ചും എന്താ വിഷയം.“പ്രണയം” അല്ലാതെന്ത്. എന്റെ മന്ദബുദ്ധിത്തരം ഞാന്‍ ചോദിച്ചു ആരാണാവോ കശ്മലി..തീര്‍ന്നില്ല. ഫോണ്‍ കട്ടാ‍യി. മറുപടി ഒരു എസ്.എം.എസ് എങ്കിലും അയക്കുമെന്ന് കരുതി അതുമില്ല. എന്റെ ഉറക്കം പോയി എന്ന് പറഞ്ഞാല്‍ മതിയല്ലൊ. രണ്ട് ദിവസം തീര്‍ന്ന് കിട്ടിയത് രണ്ടാഴ്ചപോലെ ആണ് . ഞാന്‍ പിന്നീട് അവനെ ഓണ്‍‌ലൈനില്‍ കാണുകയും അവനെന്നോട് അതിന്റെ തുടര്‍ച്ച എന്നോണം സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. അതെ നിനക്ക് എന്നോട് ദേഷ്യം തോന്നരുത്. നിനക്കറിയാത്ത ഒരാളാണ് . പറഞ്ഞാല്‍ ചിലപ്പോള്‍ അറിയുമായിരിക്കും. നിന്നോട് കള്ളം പറയാനെനിക്ക് വയ്യ.അതാണ് തുറന്ന് പറഞ്ഞത്. ആദ്യമൊക്കെ തമാശയായി എടുത്ത എന്റെ ഉള്ളില്‍ പെട്ടന്ന് ഒരു കൊള്ളിയാന്‍ മിന്നി. ഇനി ഈ പറഞ്ഞതാണോ ശരി! ഞാന്‍ വെറുതെ ആലോചിച്ച് കൂട്ടുന്നതാണൊ. ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ. സമയ ദോഷം വീണ്ടും എന്നെ പിടികൂടി പവര്‍ പോയി എന്റെ സിസ്റ്റം ഓഫായി. ഒരുപക്ഷെ അവന്‍ പറഞ്ഞത് സത്യമായിരിക്കാം അതല്ലങ്കില്‍ എന്നെ കളിപ്പിക്കാന്‍ വെറുതെ.പ്രണയത്തിന്റെ സ്വാര്‍ത്ഥത ഏറ്റവും കൂടുതലനുഭവപ്പെട്ട് തുടങ്ങി.
കോളറാകാലത്തെ പ്രണയം,മഞ്ഞുകാലത്തെ പ്രണയം,മഴക്കാലത്തെ പ്രണയം,വേനലിലെ പ്രണയം എന്നൊക്കെ പറയുന്നത് പോലെ സമ്മര്‍ദ്ദകാലത്തെ പ്രണയം ഇങ്ങനെയാവാം!

Monday, November 8, 2010

സ്നേഹം

നങ്കൂരമിട്ട കപ്പല്‍ കണക്കെ
നിന്റെ തോളോട് തോള്‍ ചേര്‍ന്ന്
മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട്!
എന്റെ കൈത്തണ്ടയിലെ
പച്ച ഞരമ്പുകളില്‍
വിരലോടിച്ച് നീ കൈനോട്ടക്കാരനായിട്ടുണ്ട്
അപ്പോഴൊന്നും നമുക്കിടയിലില്ലാതിരുന്ന
ഈ പര്‍വ്വത മൌനത്തിന്റെ അര്‍ത്ഥം
നീ എന്നെ പണ്ടത്തേക്കാള്‍ സ്നേഹിക്കുന്നു എന്നൊ?
അതൊ പഴയത് പോലെ സ്നേഹിക്കാനാവില്ലാന്നൊ?
ഉത്തരമെന്താണെങ്കിലും
നീ ഒന്നറിയുക
ഒരു മൌസിന്റെ ക്ലിക്കിന്റെ ദൂരത്തില്‍
കണ്ടാലും കാ‍ണാതെ ഒളിച്ചിരുന്നാലും
എന്റെ ഓര്‍മകളില്‍ നിന്റെ മനസ്സൊന്നു പിടഞ്ഞാല്‍
ഞാനറിയാറുണ്ട്
അതാണനിക്കല്‍ഭുതം!
Monday, November 1, 2010

മിഴിയില്‍ തെളിയുന്നത്

സുതാര്യമായ നിന്റെ
മിഴികളില്‍
പേരറിയാത്ത നക്ഷത്രങ്ങളിലെ
വെളിച്ചത്തില്‍ കാണാം
നമുക്കിടയിലെ
നേര്‍ത്ത നൂലിഴകള്‍.
വെളുക്കുവോളം ഞാനത്
നടന്നറിഞ്ഞിരിക്കുന്നു.


Friday, October 29, 2010

അസ്വഭാവികമല്ലാത്ത ചില കാഴ്ചകള്‍

എപ്പോഴും എന്തെഴുതനാണ് നിന്നെക്കുറിച്ച്. ഒരു പക്ഷെ തിരക്കിനിടയില്‍ നിന്റെ മന്‍സ്സില്‍ പോലും ഞാന്‍ ഉണ്ടായിരിക്കില്ല. ഉണ്ടങ്കില്‍ തന്നെ ആരും കാണാതെ ഒന്നു നോക്കി പുഞ്ചിരിച്ച് മനസ്സിനുള്ളില്‍ പൂട്ടി വച്ചിരിക്കാം. ഞാനാകാട്ടെ മിക്കപ്പോഴും നിന്റെ ഓര്‍മകളില്‍ മുങ്ങി..ഒരു പഴയ കാലം ഏതോ ചുടുകാട്ടില്‍ നിന്നു എന്നെ മാത്രം തേടി വരുന്നതു പോലെ..ജീവിതവും സ്വപ്നവും തമ്മില്‍ ബന്ധിപ്പിക്കാന്‍ പെടാപ്പാടു പെടുന്നു. വാലോ തലയോ ഇല്ലാത്ത ഏതോ ഓര്‍മകള്‍..ഈ ഓര്‍മകളിലെ ലോകം ചിലപ്പോള്‍ ദൃശ്യലോകത്തേക്കാള്‍ യാഥാര്‍ഥ്യമായിരിക്കുന്നു.റിയലിസ്റ്റിക് ജീവിതത്തില്‍ പതിവില്ലാത്തതും എന്നാല്‍ ജീവിതത്തില്‍ അനിഷേധ്യസാന്നിധ്യമായി അനുഭവപ്പെടുന്നതുമായ എന്തോ ഒന്ന് നമ്മളെ ബന്ധിപ്പിച്ചിരിക്കുന്നു.ആള്‍ക്കൂട്ടത്തിനിടയില്‍ യാത്ര ചെയ്യുന്ന സമയത്തും സ്വന്തമായ ഒരു വിചാര ലോകത്തില്‍ എന്നെ കാണുന്നു. സ്വപ്നങ്ങളെക്കുറിച്ചും, രാത്രിയില്‍ അണഞ്ഞുപോകുന്ന ചില നക്ഷത്രങ്ങളെക്കുറിച്ചും നീ സങ്കടപ്പെടുന്നു. നീ എപ്പോഴും പറയാറുണ്ടല്ലൊ എല്ലാവര്‍ക്കും അവരുടേതായ ഭൂമിയും ആകാശവും.അതില്‍ ഞാനും നീയും ഞാനും മാത്രവും. എനിക്കറിയാം ഈ നിമിഷം നീ എന്നെ ഓര്‍ത്തിരിക്കാം. ആരും കാണാതെ പൂട്ടിവച്ചിരിക്കുന്ന നിനക്കടച്ച് വയ്ക്കാനാവാത്തതില്‍ നീ സങ്കടപ്പെടുന്നത് നിന്റെ മുഖത്തിപ്പോള്‍ എനിക്ക് വായിച്ചെടുക്കാം.അസ്വഭാവികമല്ലാത്ത ചില കാഴ്ചകള്‍!

Wednesday, October 27, 2010

ഒരിക്കല്‍..

നിനക്ക് കുട്ടികളുടെ സ്വഭാവമാണ്. അല്ലാതെ ഞാനെന്താ പറയുക. എന്നുള്ള മറുപടിക്കൊപ്പം അവന്റെ ഫിലോസഫി ആയി “The real genius for love lies not in getting into, but getting out of love“ എന്ന് കൂടി ചേര്‍ത്ത് ഫോണ്‍ കട്ട് ചെയ്തു. എന്റെ സ്നേഹം വേണ്ട എന്നതിനേക്കാല്‍ എന്റെ സ്നേഹത്തിന്റെ ബന്ധനങ്ങളെയാണവന്‍ ഭയക്കുന്നത് എന്ന് തോന്നി. കൈ നീട്ടി ഒന്നു തൊടാവുന്ന ദൂ‍രത്തിലും കണ്ണില്‍ പോലും പെടാതെ പോകാനാഗ്രഹിക്കുന്നു. അല്ലങ്കില്‍ തന്നെ പ്രണയം സ്വാര്‍ത്ഥതയില്‍ നിന്നാണുണ്ടാകുന്നത്. എന്റേതാക്കണമെന്ന സ്വാര്‍ത്ഥതയില്‍ നിന്നും. അപ്പോള്‍ സ്വന്തമാക്കാനല്ലാത്ത പ്രണയം ഒരു സത്യമാണൊ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ അപ്പോഴെ വരുമവന്റെ മറുപടി അപ്പോള്‍ ഇപ്പോഴും നിനക്കെന്നെ പൂര്‍ണ്ണമായും മനസ്സിലായില്ല.അല്ലങ്കില്‍ തന്നെ നീ എന്നെ ശരിക്കും പ്രണയിച്ചിട്ടുണ്ടോ.?അതോ..ഈ രൂപത്തെയാണോ നീ ഇഷ്ടപ്പെടുന്നത്? നമുക്കിടയിലെന്താണ്? രണ്ട് സമാന്തരരേഖകള്‍. ഒരേസമയം സമവും അസമവുമായ ദ്വിമാനങ്ങളില്‍ ഗതിവേഗമാര്‍ന്ന് ചലിച്ചുകൊണ്ടിരിക്കുമ്പോഴും ഒരിയ്ക്കല്‍ അനന്തതയിലോരുമിച്ചേക്കാമെന്ന ഒരു പ്രതീക്ഷ!

Friday, October 22, 2010

ഘടികാരങ്ങള്‍ നിലയുക്കുന്ന നേരം

മൊബൈല്‍ ഫോണിന്റെ റിങ് ടോണ്‍ മാക്സിമം വോളിയത്തിലായിരുന്നു സെറ്റ് ചെയ്തിരുന്നതെങ്കിലും ഒന്നൂടെ കയ്യിലെടുത്ത് ഉറപ്പ് വരുത്തി..ഇനി ഞാനറിയാതെ ഇടയ്ക്കെങ്ങാനും. ഇനി ഇന്ന് കാണില്ലാന്ന് പറഞ്ഞാണ് പോയെതെങ്കിലും ഒരു ഫോണ്‍ കോള്‍ കണ്ണുകള്‍ ചെന്നെത്തിയത് ഗുല്‍മോഹറിന്റെ ചില്ലകളിലേയ്ക്കാണ്. നാട്ടിടവഴികള്‍ പോളെ പച്ച ഞരമ്പുകള്‍ പാഞ്ഞ് പോകുന്ന ഇലകളുമായി തളിര്‍ത്ത് നില്‍ക്കുന്നു ഗുല്‍മോഹര്‍. നിറയെ ഇലകളുമായി ഇനി ഒരു കൊടും വേനലില്‍ പൂക്കാന്‍ കാത്തിരിക്കുന്നു.കണ്ണുകളടച്ച് ഓര്‍മകളിലേക്ക് ഊളിയിട്ടു. അല്ലങ്കില്‍ തന്നെ അര്‍ത്ഥശൂന്യമായ കാത്തിരുപ്പുകളില്‍ ഒരാള്‍ക്ക് എന്താണ് ചെയ്യാനുണ്ടാവുക! വെറുതെ യാന്ത്രികമായി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്.
അവനെപ്പോഴും ഇങ്ങനെയാണ്. ഒന്നു സംസാ‍രിക്കണമെന്ന് തോന്നുമ്പോള്‍ ആളെ കിട്ടാറില്ല. തനിച്ചുള്ളപ്പോഴെ എന്നെ ഓര്‍ക്കൂ എന്ന എന്റെ പരാതിയും ചിരിച്ച് തള്ളും. മറ്റുചിലപ്പോഴാകാട്ടെ എവിടെ നിന്നോ പെട്ടന്ന് ഒരു ചിരിയുമായി പ്രത്യക്ഷപ്പെടും. എവിടെ നിന്നോ തുടങ്ങി എവിടയോ അവസാനിക്കുന്ന ചില നേരമ്പോക്കുകള്‍. ഒന്നോര്‍ത്തെടുക്കാമെന്ന് വിചാരിച്ചാല്‍ ഒന്നുമുണ്ടാവില്ല. പക്ഷെ പോയ്ക്കഴിയുമ്പോള്‍ എപ്പോഴും എനിക്കു ചുറ്റും പിച്ചിയുടെയും, മുല്ലയുടെയും, കാപ്പിപ്പൂവിന്റെയും, ചെമ്പകത്തിന്റെയും ഇലഞ്ഞിയുടെയും പിന്നെ പേരറിയാത്ത ഏതോക്കയോ കാട്ടു പൂക്കളുടെയും മണം തങ്ങി നില്‍ക്കും. അവനുമാത്രമറിയാവുന്ന ജാലവിദ്യ!എന്ത് പറയാന്‍ ഘടികാരങ്ങള്‍ നിലയുക്കുന്ന നേരങ്ങളില്‍ ഇങ്ങനെ ഒരാളുടെ ഓര്‍മകളും ഞാനും മാത്രം..അത് മതി ..അത് മാത്രം മതി..

Thursday, October 21, 2010

ഒടുവിലത്തെ വാക്ക്

നീയെന്നെക്കുറിച്ചെഴുതിയ
ഓരോ വാക്കുകളിലൂടെയും കണ്ണോടിക്കുമ്പോള്‍
ഞാനോര്‍ക്കാറുണ്ട് ചിലപ്പോള്‍
എന്നെക്കുറിച്ചുള്ള അവസാന വരികളാണിതെന്ന്.

തിരക്കോഴിഞ്ഞ ഒരു സായന്തനത്തിലോ
നീണ്ട ബസ് യാത്രയിലോ
നീ പിന്നെയും എന്നെ ഓര്‍ത്തെടുക്കും..

ഘടികാരത്തിന്റെ രണ്ട് പന്ത്രണ്ടുകള്‍ക്കിടയില്‍
എനിക്കിപ്പോള്‍ ഒരേ ചിന്ത..
എന്താവും നിനക്കെന്നോട് പറയാനുള്ള
ഒടുവിലത്തെ വാക്ക്

Monday, October 11, 2010

ഓര്‍മകള്‍

നിറങ്ങളുടെ നിറവില്‍ ഒറ്റപ്പെടുന്ന
കറുപ്പും വെളുപ്പും പോലെ
പാതയുടെ ഇരുവശങ്ങളിലുമായി വേര്‍പെടുന്ന നീയും ഞാനും
നമുക്കിടയില്‍ നേര്‍ത്ത നൂല്‍പ്പാലമായി
നിലാവു വീണ ഓര്‍മകളും
വായിച്ചിരുന്ന ബുക്ക് അടച്ചു വച്ചു. ഇടക്ക് മുറിഞ്ഞ് പോയ സംഭാഷണത്തിനൊടുവില്‍ അവന്‍ പിണങ്ങിപ്പോയപ്പോള്‍ ബുക്ക് എടുത്ത് വായിക്കാനിരുന്നതാണ്. ഇപ്പോള്‍ അവനെന്തെടുക്കുകയാവും നേര്‍ത്ത ഓറഞ്ച് മണമുള്ള ലോസാഞ്ചലസ് ആഫ്റ്റര്‍ ഷേവ് ലോഷന്റെയും, ഗോള്‍ഡ് ഫ്ലാക്ക് സിഗരിറ്റെയും മണവുമായി ചിലപ്പോള്‍ ഏതെങ്കിലും കോഫിഡേയില്‍ ഇരുപ്പാവാം, അല്ലങ്കില്‍ മൊബൈലില്‍ ഗുലാം അലിയുടെ 'ബഹാരോം കോ ചമന്‍ യാദ് ഗയാ ഹേഎന്ന ഗാനം കേട്ട്നഗരത്തിലൂടെ ബൈക്കോടിക്കുകയാവാം. ഉറക്കം വരാതെ തിരിഞ്ഞ് കിടക്കുമ്പോള്‍ വെറുതെ അവനെക്കൂറിച്ച് മാത്രമോര്‍ത്തു കണ്ണടച്ച് കിടന്നു. കണ്ണുകള്‍ തുറക്കാന്‍ തോന്നിയില്ല..എനിക്കറിയില്ല എന്തിനാണ് ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതെന്ന്‍ , അതെന്തിനെന്ന്‍ അറിയാതിരിക്കട്ടെ.

Wednesday, September 8, 2010

നീലക്കുറിഞ്ഞി

സമയവും കാലവുമില്ലാതെ
നിന്റെ ഓര്‍മകള്‍
ഓടിക്കയറി വരുന്നത് കൊണ്ടായിരിക്കണം
ഇവിടെ സൂര്യകാന്തി പൂക്കളുടെ നിറം മങ്ങാത്തതും
നീലക്കുറിഞ്ഞികള്‍ കാലം തെറ്റി പൂക്കുന്നതും.

Friday, September 3, 2010

പ്രണയകാലം

പ്രണയകാലമായ്
പിന്നെയും കാറ്റുകള്‍
കവിത ചൊല്ലി
വരുന്നുണ്ട് രാത്രിയില്‍

Tuesday, August 31, 2010

മഴത്തുള്ളികള്‍

സ്നേഹിക്കുമ്പോള്‍ നാം മഴത്തുള്ളികളെകണ്ട് പഠിക്കണം
ഒരു നിമിഷത്തെ യാത്രക്കിടയില്‍
ഒരു മഴത്തുള്ളി മറ്റൊന്നിനെ എത്രയധികമാണ്
സ്നേഹിക്കുന്നത്
കൈവിട്ട് പോകാതെ,
ഒന്നനങ്ങാന്‍ വിടാതെ,
കെട്ടിപ്പിടിച്ച്,
ഉമ്മ വച്ച്!
തിരിച്ചുകിട്ടാത്ത സ്നേഹമണന്നറിഞ്ഞും,
ഒരു നിശ്വാസത്തിന്റെ ഇടവേളയില്‍
ഒരുമഴത്തുള്ളിയെ തനിച്ചാക്കി മറ്റേത്തുള്ളി
താഴേക്കു വീഴുമെന്ന ഉറപ്പിലും
ഇത് പോലെ സ്നേഹിക്കാന്‍ മഴത്തുള്ളികളേപ്പോലെ
മറ്റാര്‍ക്കാണ് കഴിയുക!

Monday, August 23, 2010

ഉമ്മ

പ്രണയിക്കുന്നതിനിടയില്‍ ഉമ്മ എന്ന വാക്ക് ഉപയോഗിച്ചതിനാണ് ഞാനും അവനും തമ്മിലാദ്യമായി വഴക്കുണ്ടാക്കുന്നത്. അത്രക്ക് മോശമായ ഒരു വാക്കല്ല അത് എങ്കിലും എനിക്കെന്തോ, ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു എങ്കില്‍ പോലും, അങ്ങനെ പറയാനോ, അവനതു പറയുന്നത് കേള്‍ക്കാനോ എനിക്കിഷ്ടമുണ്ടായിരുന്നില്ല. എല്ലാ ദിവസവും ഫോണില്‍ സംസാരിക്കുമ്പോള്‍ ഞാനും അവനും തമ്മില്‍ ഈ വാക്കിനെ ചൊല്ലി വഴക്കായി. അങ്ങനെ വഴക്കുണ്ടാക്കിയ ഒരു സായാഹ്നത്തില്‍ അവന്‍ എന്നോട് പറയാതെ എവിടെയോ അപ്രത്യക്ഷമായി. അവനെ കാണാത്ത ഓരോ ദിവസങ്ങളിലും അവനെക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ എന്നില്‍ മുന്‍പെന്ന്ന്നത്തേക്കാളും തീവ്രമായി. എന്നെ തന്നെ മറന്ന് അവന്റെ ഓര്‍മകളില്‍ മുഴുകിയിരിക്കുക പതിവായി. എന്നെ അവന്‍ വിളിക്കുകയൊ
എനിക്ക് ഒരു മെയിലയക്കുകയൊ ചെയ്തില്ല. അങ്ങനെ ഇരുന്ന ഒരു ദിവസം അവന്റെ ഫോണ്‍ വന്നു. എനിക്ക് സന്തോഷം കൊണ്ട് ഒന്നും സംസാരിക്കാനായില്ല.അവനാകട്ടെ എന്നത്തേയും പോലെ വാചാലനായി സംസാരിക്കാന്‍ തുടങ്ങി. എല്ലാപ്രണയത്തിലുമെന്ന പോലെ മഴയും.മഞ്ഞും ഞങ്ങള്‍ക്കിടയിലും പൊഴിയാന്‍ തുടങ്ങി. നിന്നെകുറിച്ച് ഞാന്‍ ഇടക്കൊക്കെ ആലോചിച്ചിരുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. നീ എവിടെ ആയിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുക പോലും ചെയ്യാതെ അവന്‍ മൌനം പാലിച്ചു. എനിക്കാകട്ടെ പെട്ടന്ന് ദേഷ്യം വന്നു. ഞാന്‍ എന്തൊക്കയോ വിളിച്ചു പറഞ്ഞു. അവനാകട്ടെ ഒരു പുഞ്ചിരിയോടെ പറഞ്ഞു എന്റെ സുന്ദരിക്കുട്ടിക്ക് ദേഷ്യം വന്നോ “ഉമ്മാ‍ാ‍ാ“. നിന്നെ പറഞ്ഞിട്ട് കാര്യമില്ല. നീ എന്തെങ്കിലും പറയു എന്നെ വിളിക്കാതിരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്ത് എന്നെ ശിക്ഷിക്കാതിരുന്നാ മതി. അത്രമേല്‍ എനിക്ക് നിന്നെ ഇഷ്ടമാണ്.

Tuesday, July 6, 2010

പ്രണയജാലകം

മുന്പെ അറിയിച്ചിരുന്നു എങ്കിലും അത്യാവശ്യമായ ചില കാരണങ്ങളാല്അവന് നാട്ടില്പോകേണ്ടതായി വന്നു.ഞാനാകട്ടെ ജോലി തീരുന്ന വൈകുന്നേരങ്ങളില്അവന്റെ ഓര്മകളില്മുഴുകിയിരിക്കുക പതിവായി.അങ്ങനെ ഇരുന്ന ഒരു സായ്ഹയാനത്തിലാണ് അവന്റെ കൂടെ നടക്കണം എന്ന് കരുതിയ വഴികളിലെല്ലാം ഒറ്റക്ക് നടക്കാം എന്ന് തീരുമാച്ചത്. അവനെഴുതാറുള്ളത് പോലെ റോഡിന്റെ ഇരു വശങ്ങളിലും നിറയെ ചുവന്ന പൂക്കളുമായി ഗുല്മോഹര്മരങ്ങള്പൂത്ത് നിന്നിരുന്നു. പൂത്തു നിന്നഗുല്മോഹര്മരങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ച് ഞാന്അവയോട് ചേര്ന്ന് നിന്നു.അവന്‍ കയറുന്ന ബസ്സ് തപ്പി കണ്ട് പിടിച്ച് ജോലി കഴിഞ്ഞ് പോകുമ്പോള്എന്നെ ഫോണ്വിളിക്കുമ്പോള്ഇരിക്കുന്ന സീറ്റില്ഇരുന്നു യാത്ര ചെയ്തു. ബസ് മാറിക്കയറാന്ഇറങ്ങുന്ന സ്റ്റോപ്പിലെ കടല കച്ചവടക്കാരനില്നിന്നും കടല വാങ്ങിക്കഴിച്ചു. സിനിമയ്ക്ക് പോകുന്ന മള്ട്ടിപ്ലക്സില്പോയി സിനിമകണ്ടു. ബസ് കിട്ടാതെ പോകുന്ന വൈകുന്നേരങ്ങളില്യാത്ര ചെയ്യുന്ന ബസ്റ്റോപ്പില്നിന്നും അവന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം വരെ ഒട്ടോയില്പോയി. എന്നെങ്കിലും കാണുമ്പൊള്ഒന്നിച്ച് പോകണമെന്ന് കരുതിയ എല്ലാ സ്ഥലങ്ങളിലും ഞാന്ഒറ്റയ്ക്ക് പോയി..ഓരോ നിമിഷവും എന്റെ കൂടെ അവന്റെ സാമീപ്യം ഞാന്അറിഞ്ഞു..ഓരോ വ്യക്തിക്കും ആരുമറിയാതെ മറച്ച് വയ്ക്കപ്പെടുന്ന ചില കാലമുണ്ട്.അവരുടേത് മാത്രമായ സ്വപ്നങ്ങളില്‍ നിന്ന് രൂപം കോണ്ടത്.രാത്രി ജനാല തുറന്നിട്ട് ഒരു പാട് നേരം റോഡിലൂടെ പോകുന്നവരെ നോക്കീയിരുന്നു. അപ്പോള്‍ എല്ലാ പ്രണയത്തിനുമെന്ന പോലെ മഴപെയ്യുകയോ,പെട്ടന്ന് ഒരു മരം പൂക്കുകയൊ ഒക്കെ ചെയ്തിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു. പക്ഷെ അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ല.അന്ന് രാത്രി ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനിടയില്‍ ഞാന്‍ ഒരു വിചിത്രമായ സ്വ്പ്നം കണ്ടു.ഒരു കുഞ്ഞ് പുഞ്ചിരിക്കുന്ന മുഖവുമായി അമ്മയെ മടിയില്‍ കിടത്തി താരാട്ട് പാട്ടിയുറക്കുന്നു !

Friday, April 23, 2010

ദി മ്യൂസിയം ഓഫ് ഇന്നസെന്‍സ്

ദി മ്യൂസിയം ഓഫ് ഇന്നസെന്‍സ് എന്ന നോവല്‍ വേണമെന്ന് അവന്‍ ഇന്നലെയാണ് വിളിച്ച് പറഞ്ഞത്..ആറ് മാസം മുന്‍പെ വാങ്ങിയ നോവല്‍ ഒന്നൂടെ എടുത്ത് വായിച്ചു.ഓരോ പ്രണയവും വിരലടയാളം പോലെ വ്യത്യസ്ഥമായിരിക്കുന്നുവല്ലൊ എന്ന് ഞാന്‍ ഓര്‍ത്ത് നോക്കി. കൂടാതെ ഒരു സ്ത്രീയും പുരുഷനും കണ്ട്മുട്ടുമ്പോള്‍ തന്നെ അവര്‍ക്കിടയില്‍ ഇയാള്‍ എന്റെ ആരെല്ലാമാണെന്ന് തോന്നുന്ന അഞ്ജാതമായ ഒരു രസതന്ത്രം പ്രണയിക്കുന്നവര്‍ക്കിടയില്‍ ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ഞങ്ങള്‍ക്കിടയിലെ സ്നേഹം ഞാന്‍ എത്ര വാക്കുകളിലൂടെ വിവരിച്ചാലും കാപ്പിപ്പൂവിന്റെ മണമുള്ള കുന്നിന്‍ ചെരിവ്, മലയെചുറ്റി ഒഴുകിപോകുന്ന പുഴ, ഗുല്‍മോഹര്‍ പൂത്ത് നില്‍ക്കുന്ന വഴികള്‍, മഴ, മഞ്ഞ് ഈ തീവ്രത ഒരിക്കലും നിങ്ങള്‍ക്കനുഭവമാകുന്നില്ല. പ്രണയത്തിനും സൌഹൃദത്തിനുമിടയിലുള്ള നൂല്പാലങ്ങളിലായിരുന്നപ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ അനുഭവിച്ചിരുന്ന അതേ വികാരം അത് നിങ്ങള്‍ക്ക് മാത്രം സ്വന്തം. നിന്നോട് എനിക്കെത്രമാത്രം സ്നേഹമാണെന്നെനിക്കറിയില്ല. ചിലപ്പോള്‍ ഞാനാലോചിക്കുമ്പോള്‍ നമുക്കിടയിലെന്താണ് എന്ന് തോന്നും വെറും സൌഹൃദം? അതോ പ്രണയം? അതോ വാക്കുകള്‍ക്കതീതമായ എന്തോ ഒന്ന് അല്ലെ.നിന്റെ സ്വകാര്യ ശേഖരത്തില്‍ എന്റെ പ്രിയപ്പെട്ട നോവലുകള്‍, എന്റെ പ്രിയപ്പെട്ട സിനിമയുടെ സി.ഡി കള്‍, ഞാന്‍ അയച്ച കത്തുകള്‍ എല്ലാം കൂട്ടിവച്ച് നിഷ്കളങ്കതയുടെ കാഴ്ചകളൊരുക്കുന്നു...

Monday, February 1, 2010

കാട്ടുപൂക്കളുടെ ചിരി

നടന്ന് നടന്ന് ഒടുവില്‍ ഞങ്ങള്‍ ആ മലയുടെ മുകളിലെത്തി.കയ്യെത്താവുന്ന ദൂരത്തില്‍ മേഘങ്ങളും താഴെ സോപ്പ് പെട്ടി പോലെ അടുത്തടുത്ത വീടുകളും,ഒരിക്കലും വേര്‍പിരിയാതെ മലയെ ചുറ്റിപിണഞ്ഞ് ഞങ്ങള്‍ നടന്ന വന്ന വഴികളും
കാണാമായിരുന്നു. പേരറിയാത്ത ചിലകാട്ടുപ്പൂക്കളുടെ സുഗന്ധം ഞങ്ങളെ മൂടി,എത്ര നേരമങ്ങനിരുന്നു വെറുതെ എന്തോക്കെയോ പറയാനുണ്ട് എന്ന് പറഞ്ഞ് കൂടെ വന്നയാള്‍ ഇപ്പോള്‍ വെറുതെ. മിണ്ടാതെ.കയ്യില്‍ കരുതിയിരുന്ന ഓറഞ്ചില്‍ ഒന്നെടുത്ത് തോട് കളഞ്ഞു.അവനും കൊടുത്തു. ഞങ്ങള്‍ക്കിടയില്‍ വളര്‍ന്ന്കൊണ്ടിരുന്ന മൌനത്തിന് ഓറഞ്ചിന്റെ മണമായി.
മൌനത്തിന്റെ ഇടവേളയില്‍ ഞാന്‍ ഓരോന്ന് ആലോചിച്ച്കൊണ്ടിരുന്നു.ഒരിക്കല്‍ മാത്രമെ അവന്‍ ചോദിച്ചുള്ളു നിനക്കെന്നെ എത്രമാത്രം ഇഷ്ടമാണ് എന്ന്.പെട്ടന്ന് ഒരു മറുപടിയും ഉണ്ടായില്ല.പക്ഷെ എന്ന് മുതലാണൊ അവനെ ഞാന്‍ കാണുന്നത് അന്ന് മുതല്‍ എന്തിനും അവനാണ് എന്റെ അളവുകോല്‍..സ്നേഹം, അഭിപ്രായങ്ങള്‍..സന്തോഷം.അവനേക്കാള്‍ നല്ലത് അല്ലങ്കില് അതുലും കുറവ് അങ്ങനെ !
അവന്‍ സംസാരിച്ച് തുടങ്ങി നീ നോക്കു നമ്മള്‍ ഇരിക്കുന്ന ഈ മലമുകളില്‍ നിന്ന് നോക്കിയാല്‍ എത്ര ഭംഗിയാണ്. ഈ കാട്ടുപൂക്കളുടെ സുഗന്ധം, അവയുടെ പുഞ്ചിരി, താഴ്വരയില്‍ നിന്ന് വരുന്ന് കാറ്റ്, പുഴയുടെ ശബ്ദം! ഇവിടെ ഇതിന് മുന്‍പ് നമ്മളേപ്പോലെ ആരും വന്നിരിക്കനിടയില്ല. ജീവിതവും ഇങ്ങനെ തന്നെ സന്തോഷങ്ങള്‍ക്കായി ഇപ്പോഴും നമുക്ക് കയറേണ്ടി വരുന്നത് ആര്‍ക്കും കയറാന്‍ പറ്റാത്ത കുന്നുകളാണ്..നമ്മുടേതാ‍യ ലോകത്ത് നമുക്ക് മാത്രം
കാ‍ണാവുന്നവ നമ്മളല്ലാതെ വേറെ ആര്‍ക്കും അവിടെ എത്തിപ്പെടാനാവില്ല.സൂക്ഷിച്ച് നോക്കിയാല്‍ കാണാം,ആരും കാണാത്ത ചിലപൂവുകള്‍ നമുക്കുമാത്രമായി . എനിക്ക് ബോറടിച്ച് തുടങ്ങിയിരുന്നു. നീ നിര്‍ത്ത്..അവന്റെ മുഖത്ത് ചിരി പടര്‍ന്നു.എനിക്കിതെല്ലാം കേട്ട് നല്ല ഒരു പൈങ്കിളി കഥ പോലെ തോന്നി ജീവിതം..വാ നമുക്ക് തിരിച്ച് പോകാം.
മലയടിവാരത്തേക്ക് നടക്കുമ്പോള്‍ വഴിവക്കില്‍ കാട്ടുപൂക്കള്‍ ചിരിച്ചത് അവന്‍ കണ്ടു. നീ കണ്ടില്ലെ? അവന്‍ ചോദിക്കുന്നു..ഞാനെങ്ങനെ കാണാന്‍ അവനറിയില്ലല്ലൊ ഈയിടെ ആയി എന്റെ കണ്ണുകളില്‍ അവന്റെ ചിരിയും അവന്റെ ലോകവും മാത്രമായിരിക്കുന്നു എന്ന്..

Thursday, January 7, 2010

മഞ്ഞ്

ഇന്നലെ ആണ് അവന്‍ വിളിച്ച് പറഞ്ഞത്, നാളെ നൈനിറ്റാളില്‍ പോകുന്നു എന്ന്. കേട്ടപ്പോള്‍ മനസ്സില്‍ ഒരാളല്‍. കാരണം അവന്റെ വാക്കുകള്‍ കേട്ട് കോളേജ് ലൈബ്രറിയില്‍ പോയി എം.ടിയുടെ “മഞ്ഞ്“ തപ്പി എടുത്ത് ഒറ്റയിരിപ്പിന് വായിച്ച് തീര്‍ത്ത് അതിന്റെ കഥ ഓര്‍ത്ത് സങ്കടപ്പെട്ടതും, ഇതൊക്കെ വെറും കഥയല്ലെ എന്ന് അവന്‍ പറഞ്ഞാശ്വസിപ്പിച്ചതും എല്ലാം...ഒരു നിമിഷം കൊണ്ട് മനസ്സിലൂടെ വന്ന് പോയി.
എത്ര മറക്കാന്‍ ശ്രമിച്ചിട്ടും വിമല മനസ്സില്‍ ഇപ്പോഴും ഉണ്ട്.!.എന്ത് കൊണ്ടാ‍ണ് ആ നോവലിന് മഞ്ഞ് എന്ന് പേരിട്ടത്.നൈനിറ്റാളില്‍ എപ്പോഴും മഞ്ഞുണ്ടാകുമോ തുടങ്ങി നൂറ് സംശയങ്ങള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു. ഒടുവില്‍ "മലയോരങ്ങള്‍ മഞ്ഞുവീണു മങ്ങുകയും തെളിയുകയും ചെയ്യുന്നതിനിടയ്ക്ക് ജാലകപ്പഴുതില്‍ ചിലപ്പോള്‍ മുഖങ്ങള്‍ മാറുന്നു''എന്ന് വായിച്ച് അവിടെ എപ്പോഴും മഞ്ഞാണ് എന്ന ഒത്തു തീര്‍പ്പിലെത്തി! ശരിക്കും എനിക്ക് ഒരു പൈങ്കിളി നായികയുടെ സ്വഭാവമാണ് എന്ന അവന്റെ കണ്ടെത്തലിന്‍ ഒരു തെറ്റും പറയാനില്ലാ എന്ന് എനിക്ക് മിക്കപ്പോഴും തോന്നാറുണ്ട്..അല്ലങ്കില്‍ ഞാന്‍ രശ്മി വാജ്പേയ് യെ പ്പോലെ ഭാര്യയായി അമ്മയായി ഈ കോളേജിന്റെ മുന്നിലൂടെ പോകുമ്പോള്‍ നിഗൂഢമായ ആനന്ദത്തോടെ ജാലകങ്ങളിലൊന്നിലേക്കു നോക്കുമായിരിക്കും എന്നൊക്കെ ഇപ്പോഴെ ആലോചിച്ച് കൂട്ടുമൊ?"..