Ind disable

Monday, September 14, 2009

ഒരു നിമിഷാര്‍ദ്ധത്തില്‍! ജീവിതത്തിലെ ഓരോ സെക്കന്റിലും എന്തെങ്കിലും സംഭവിച്ച് കൊണ്ടിരിക്കുന്നു. ഓരോ നിമിഷത്തിലും അഭിമുഖീകരിക്കേണ്ടി വരുന്നതോ പുതിയ പരീക്ഷണങ്ങള്‍. ഏതൊരു ജീവിയെയും ശ്രദ്ധിച്ചാലും തന്റെ ചുറ്റുപാടില്‍ വന്ന് ഭവിക്കുന്ന എത്ര സൂക്ഷ്മമായ ചലനങ്ങളെപ്പോലും സംവേദനങ്ങളായി സ്വീകരിക്കുന്നു,ആയതിനാല്‍ അപരന്റെ സ്വരം സംഗീതമാകുന്ന ഒരു ലോകത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും സ്വയം തീര്‍ത്ത ഒരു വലയത്തിനുള്ളില്‍ പലപ്പോഴും എന്റെ ചിന്തകള്‍ പുറത്ത് കടക്കാനാവാതെ! എത്ര വേഗമാണ് ഒരാള്‍ ജീവിതത്തിന്റെ ഭാഗമായി മാറുന്നത്. ഓര്‍ത്ത് നോക്കുമ്പോള്‍ അല്‍ഭുതം! ഒരും വാക്കും മിണ്ടാതെ ഒറ്റ നോട്ടത്തില്‍ സ്നേഹം തിരിച്ചറിയുന്ന ചിലര്‍, വാക്കുകകളിലെ സൌമ്യതയാല്‍ പ്രിയപ്പെട്ടവരായി മാറുന്നവര്‍, പിന്നെ പേരോ രൂപമോ ഒന്നുമില്ലാതെ വെറും സങ്കല്‍പ്പത്തിലെ ആളുകള്‍. എല്ലാവരോടും സ്നേഹം. ഒരാളുടെ ഉള്ളില്‍ ഇത്രയധികം സ്നേഹം എവിടെ നിന്നാണ് വരുന്നത്! അതും പല ഭാവത്തില്‍, മാതാപിതാക്കളോട് ഒരു തരത്തില്‍, സഹോദരനോട് ഒരു രീതിയില്‍, കൂട്ടുകാരോട് വേറൊരു രീതിയില്‍ സ്നേഹം, കാമുകനോട് ഒരു രീതി, സ്നേഹത്തിന്റെ വിവിധ ഭാവങ്ങള്‍!

Monday, September 7, 2009

വെറുതെ

നീ വല്യ കവി അല്ലെ?
എന്നെക്കുറിച്ചെന്തെങ്കിലും എഴുതു എന്ന് അവന്‍ പറഞ്ഞതില്‍ പിന്നീടാണ് എനിക്കൊന്നും എഴുതാന്‍ കഴിയാതെ വന്നത്. അല്ലങ്കില്‍ തന്നെ പറയുമ്പോഴെ എഴുതാന്‍ പറ്റുമോ? പണ്ട് യൂണിവേഴിസിറ്റിയില്‍ വച്ച് ഒരു നാഷണല്‍ സര്‍വ്വീസ് ക്യാമ്പില്‍ വച്ച് പരിചയപ്പെട്ട റഷീദിന്റെ വാ‍ചകങ്ങള്‍ ഓര്‍മ വന്നു.
“നീ നന്നായി കവിത എഴുതുമല്ലൊ ഈ കവിതാ മത്സരത്തില്‍ നിനക്കു പങ്കെടുത്താലെന്താ?” എന്റെ ചോദ്യത്തിന് കൈകൂപ്പിക്കൊണ്ടുള്ള ആ മറുപടി “കവിത ഒക്കെ എഴുതാം പക്ഷെ മത്സരിച്ചെഴുതാനൊന്നും നമ്മളെ കിട്ടില്ല..എന്നെ വെറുതെ വിടു“.
ക്യാമ്പ് തീര്‍ന്ന് ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞ് പിരിഞ്ഞ് പോയവരൊക്കെ എവിടെ ആണൊ? ഒരു പക്ഷെ എന്നേപ്പോലെ ചില അവസങ്ങളിലെങ്കിലും മനസ്സില്‍ ഓര്‍ത്ത് വേദനിക്കുന്നുണ്ടാവാം!അല്ലങ്കില്‍ മറന്ന് പോയിരിക്കാം ജീവിതത്തില്‍ എത്രയോ കാര്യങ്ങള്‍ മറക്കുന്നു അക്കൂട്ടത്തില്‍ ഒന്നായിട്ടുണ്ടാവാം.ഓര്‍ത്ത് നോക്കിയാല്‍ പകുതിയിലേറെ ജീവിക്കുന്നത് ഭൂതകാലത്തിലാണ്. ഭൂതകാലത്തിലെ വേദനകളും സന്തോഷങ്ങളും ഇടക്കിടെ വന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കും. അത് കൊണ്ടെന്താ ഇപ്പോള്‍ നടക്കുന്നതൊന്നും ആസ്വദിക്കാന്‍ കഴിയാതെ പോകുന്നു. എല്ലാം ഒരു തരം താരതമ്യപ്പെടുത്തലാണ്. എന്നെ സംബദ്ധിച്ചിടത്തോളം സ്നേഹിക്കുണ്ട് എന്ന് ബോധ്യപ്പെടുത്തുക എന്നതായിരിക്കും ലോകത്തിലെ ഏറ്റവും ദുഷകരമായ ഒരു കാര്യം എന്ന് തോന്നുന്നു. എത്രകിട്ടിയാലും അടങ്ങാതെ പിന്നെയും പിന്നെയും സ്നേഹത്തിനായി കൊതിച്ച് കൊണ്ടേയിരിക്കുന്നു മനസ്സ്, ഒരിത്തിരി ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണങ്ങാനാവാത്ത മുറിവുകള്‍ ഏല്‍പ്പിക്കുന്നു. സ്നേഹം കൈവിട്ടു പോയെന്ന് സംശയിക്കുന്നു. പ്രത്യേകിച്ചും ഇത്തരം സംശയങ്ങള്‍ പ്രേമിക്കുന്നവരിലാണ് കൂടുതലായുള്ളത് അല്ലങ്കില്‍ ഇപ്പോള്‍ എനിക്ക് വേണ്ടി എന്തെങ്കിലും എഴുതു എന്നവന്‍ പറയുമായിരുന്നില്ല.. ഞാനെഴുതുന്നതെല്ലാം അവന് വേണ്ടിയാണ് എന്ന് എത്ര ആവര്‍ത്തിച്ചിട്ടും മനസ്സിലാല്‍ക്കാത്തത് കൊണ്ടാവണം ഒന്നുമെഴുതാനില്ലാതെ മനസ്സ് ശൂന്യമായിരിക്കുന്നതും.