Ind disable

Sunday, August 10, 2008

പ്രേമലേഖനം

ഒരു പ്രേമലേഖനം എഴുതാന്‍ വേണ്ടി മനപൂര്‍വ്വം ഞാന്‍ കരുതി കൂട്ടി എഴുതിയതല്ല ഇത് “കൂട്ടുകാരാ നീ വരുന്നോ കാട്ടില്‍ മൃതസഞ്ജീവനി തേടി ഭൂഹൃദയത്തില്‍ നിന്ന് ആദിത്യ ഹൃദയത്തിലേക്ക് നക്ഷത്രങ്ങളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക് ഹൊ! അന്തരാളത്തില്‍ ഭൂമിയുടെ പിടച്ചില്‍. പ്രേമം അതിന്റെ കടല്‍ തീരത്ത് മിണ്ടാതിരിക്കുന്നു“ എന്നൊക്കെ വിനയചന്ദ്രന്‍ മാഷിനെ കടം കൊണ്ട് നീ പറഞ്ഞത് മനസ്സില്‍ ഉണ്ട് നിറയെ പ്രണയം ഒളിപ്പിച്ചുവച്ചിരിക്കുന്ന നിനക്കുവേണ്ടി ഇപ്പോള്‍ ഞാനിതെഴുതുന്നത് ഒരു പ്രത്യേക കാര്യം പറയാനാണ്, ഇന്നലെ ഞാന്‍ ഒരു സ്വപ്നം കണ്ടു, എനിക്കാകെ സന്തോഷം തോന്നുന്നു, നഗരത്തിലെ വീര്‍പ്പുമുട്ടിയ ഈ അന്തരീക്ഷത്തില്‍ നിന്നും ഏതൊ ഒരു ഗ്രാമത്തിലായിരുന്നു ഞാനപ്പോള്‍.അവിടെ വസന്തം തീരാറായിരുന്നു, നിലക്കുറിഞ്ഞികള് പൂത്തപോലെ കടല്‍ പോലെ പരന്നു കിടക്കുന്ന പേരറിയാത്ത ഏതോ നില പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന കുന്നിന്‍ ചരുവിലെ ഒരൊറ്റപ്പെട്ട ഒരു വീട്, അതിലേക്കു വരാന്‍ മരച്ചില്ലകള്‍ അടര്‍ന്നുവീണ, കൊഴിഞ്ഞ ഇലകള്‍ ഉള്ള , ഇരു വശവും നിറയെ പൂക്കളും കായ്കളും വിരിഞ്ഞു നില്‍ക്കുന്ന ഒരു വഴി, ആ വഴി വിജനമായിരുന്നു എങ്കിലും നിന്നെകുറിച്ച് ചിന്തിച്ച് നടന്നതിനാലാവണം എനിക്ക് പേടി തോന്നിയില്ല, ദൃശ്യ സീമകള്‍ക്കപ്പുറം നിത്യകാമുകനെപ്പോലെ ഗന്ധരവന്‍ പാടുമെന്ന് നീ പറഞ്ഞു പഠിപ്പിച്ചതായിരുന്നു മനസ്സില്‍ നിറയെ. ഒരു പക്ഷെ വഴി വക്കിലെ നിലാവത്ത് പൂത്ത് നില്‍ക്കുന്ന ഏതൊ മരക്കൊമ്പില്‍ എന്നെ നോക്കി ഏതൊ ഗന്ധര്‍വനും ഇരുന്നിട്ടുണ്ടാവണം, എനിക്കറിയാം നിനക്കിതിഷ്ടമാവില്യാന്ന്, കാരണം എന്നെക്കുറിച്ച് നീ ചിലപ്പോഴൊക്കെ സ്വാര്ത്ഥനായി പോകാറുണ്ടൊ എന്ന് എനിക്ക് തോന്നാറുണ്ട്, എനിക്കതില്‍ പരാതിയില്ലാട്ടൊ, ചിലപ്പോള്‍ ഒക്കെ എനിക്കതിഷ്ടവുമാണ്.


ഞാന്‍ പറഞ്ഞുവന്നത് ഇവിടെ ജനാലക്കരുകിലിരുന്ന് വെളിയിലേക്ക് നോക്കിയാല്‍ എന്ത് രസമാണെന്നൊ, അങ്ങകലെ താഴ്വരയിലേക്കു കൂപ്പുകുത്തുന്ന ചെമ്മണ്‍പാതകള്‍, പാതയുടെ രണ്ട് വശവും കാലം തെറ്റിപ്പൂത്ത ഗുല്‍മോഹര്‍ മരങ്ങള്‍ , നീ തന്നെ അല്ലെ പറഞ്ഞത് ഗുല്‍മോഹര്‍ സാധാരണ ഏപ്രില്‍ മെയ് മാസങ്ങളിലാണ് പൂക്കുന്നതെന്ന്. ചില്ല്കളില്‍ ചുവപ്പിന്റെ തീജ്വാലകളെരിയുന്ന ഗുല്‍മോഹറുകള്‍ക്കിടയിലേക്ക് മഞ്ഞ വിളക്കുകളുടെ അടിയിലൂടെ ഒരിക്കലെങ്കിലും എനിക്ക് നടക്കാന്‍ കൊതിയാണ്,അടുത്ത ജന്മത്തില്‍ ആകാമെന്നുവച്ചാല്‍ അതു നടപ്പുള്ള കാര്യമാണൊ എന്നാണെന്റെ സംശയം! വേനലിനു കുടപിടിക്കുന്ന മെയ് മാസ ലില്ലികള്‍ കത്തുന്ന, തിളച്ചൊഴുകുന്ന വെയില്‍.ഉഷ്ണകാലത്തിന്റെ ലഹരി.മണ്ണിന്റെ ഓരോതരിയില്‍ നിന്നും ഉയരുന്ന, ഇതെല്ലാം കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ എനിക്കു തോന്നാറുണ്ടെ എത്രയോ കാലമായി ഞാന്‍ ഒരു വേനലിനായികാത്തിരിക്കുകയായിരുന്നൂന്ന്.പനിക്കു വഴിമാറിയാലും ഇഷ്ടം വര്‍ഷത്തിന്റെ കുളിര്‍ എന്ന് നീ പറഞ്ഞതിന്‍ ശേഷം പിന്നീട് ഓരോമഴയിലും പെയ്തൊഴിയുന്നതു നിന്റെ ഓര്‍മകള്‍, നെരൂദയുടെ കവിതകള്‍ , മലകടലാക്കുന്ന നില്ലക്കുറിഞ്ഞികള്‍ നീ സംസാരിക്കുമ്പോഴെല്ലാം ഞാ‍ന്‍ ഈ ലോകത്തൊന്നുമല്ല എന്ന് തൊന്നും, വര്‍ണസുന്ദരമായ ജീവിതത്തിന്റെ ഓരോ ബിന്ദുവും ആസ്വദിക്കണമെന്ന് തോന്നും കാരണം വ്യ്ക്തികളില്‍ ഒതുങ്ങി നില്ക്കാത്ത വിശാലമായൊരു സങ്കല്പം എനിക്കിഷ്ടമാണ്. രാത്രിയില്‍ കമ്പ്യൂട്ടറിനുമുന്നില്‍ കുത്തിയിരുന്ന് ലോകത്ത് ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ ഇങ്ങനെ സംസാരിച്ചിരിക്കാന്‍ . ഒരിക്കല്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ രാത്രിയിലും പ്രവര്‍ത്തിക്കുന്ന വെള്ള നീല ചുവപ്പ് നിറങ്ങളില്‍ നിറയെ ബോഗണ്‍ വില്ലികള്‍ പൂത്തു നില്‍ക്കുന്ന, കൂടാതെ കാലം തെറ്റി പൂത്ത ചില ഗുല്‍മോഹര്‍ മരങ്ങള്‍ക്കിടയില്‍ സിമന്റ് ബഞ്ചില്‍ ഇരുന്നു നിനക്കിഷ്ടമുള്ള ഒരുപെണ്‍കുട്ടിയുടെ കൂടെ ഇരുന്ന് ചായ കുടിക്കണം എന്ന് നീ പറഞ്ഞപ്പോള്‍ പൊടുന്നനെ “ഞാന്‍ ഇപ്പോള്‍ വരട്ടെ“ എന്ന് ചോദിച്ചതൊര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോള്‍ ഒരു ഞെട്ടല്‍ ആ ഒരു നിമിഷം ഞാന്‍ എന്നെത്തന്നെ മറന്നുപോയീന്നുതോന്നുന്നു ഞാനിതുവരെ അങ്ങനെ ഒന്നും ആരോടും പറഞ്ഞിട്ടില്ല.


ഞാന്‍ പിന്നെയും കാടുകയറിയല്ലെ, ഈ വീട്ടില്‍ നിന്നു നൊക്കിയാല്‍ താഴ്വരക്കപ്പുറത്ത് മലയോരത്ത് ഒരു തീപ്പെട്ടിയുടെ വലുപ്പത്തില്‍ തകരംകൊണ്ടുണ്ടാക്കിയ ഒത്തിരി ഒത്തിരി വീടുകള്‍- രാത്രിയില്‍ അവിടെ വിളക്കുകള്‍ തെളിക്കുമ്പോള്‍ എന്ത് രസമാണെന്നൊ.ആകാശത്തിലെ കുറെ നക്ഷത്രങ്ങള്‍ ഈ കുന്നിന്‍ പുറത്ത് ചിതറിക്കിടക്കുമ്പൊലെ!ഹായ് നീ ചിത്രകാരനല്ലെ, നിനക്കിതൊക്കെ കേള്‍ക്കുമ്പോഴെ ഭാവനയില്‍ എത്തണമല്ലൊ. നമുക്കൊരുമിച്ച് ഇവിടെ വരണം വസന്തമായാല്‍ നന്ന്. ഞാന്‍ തനിയെ ഇങ്ങനെ നിന്നെക്കുറിച്ച് ആലോചിച്ചിരുന്നപ്പോള്‍ ഈ കുന്നിന്‍ ചെരുവിലൂടെ ആരോവരുന്നത് പോലെ തോന്നി, പഞ്ഞിപോലെ നരച്ച്, തോളോളമുള്ള മുടി, നീണ്ട താടി, ഒത്ത ഉയരമുള്ള തിളങ്ങുന്ന കണ്ണുകളും, ഗോതമ്പിന്റെ നിറവുമായി തന്റെ പ്രിയപ്പെട്ട രണ്ട് ചുവന്ന കുതിരയെപൂട്ടിയ സ്വര്‍ണം കെട്ടിയ കുതിരവണ്ടിയില്‍ മഞ്ഞണിഞ്ഞ വഴിയിലൂടെ മിന്നല്‍ വേഗത്തില്‍ വന്നു പോകുന്ന ഏതോ രാജാവിനെക്ക്കുറിച്ചു നീ പറഞ്ഞ കഥ ആണ് മനസ്സില്‍ വന്നത്. എനിക്ക് തോന്നിയതാണൊ ആവൊ .വെളുത്ത താടിക്കിടയില്‍ വിരലുകളോടിച്ച് മൌനമായി ചിരിച്ച് നില്‍ക്കുന്ന രജാവിനെപ്പോലെ ഒരാളെ എന്നെ കാണാന്‍ നീ പറഞ്ഞ് വിട്ടതാണൊ എന്ന് ഞാന്‍ അപ്പോള്‍ വിശ്വസിച്ചു, അതൊ അത് ഇനി നീ തന്നെയാവുമോ എന്ന് ഞാന്‍ സംശയിച്ച്, ഓടി മുറ്റത്തെതിയപ്പോള്‍ താഴ്വരയില്‍ നിന്നും മുക്കുവന്റെ കുടത്തില്‍ നിന്ന് ഭൂതമിറങ്ങിവരുമ്പോലെ മഞ്ഞ് മുകളിലേക്ക് കയറിവരുന്നു, അപ്പോഴും എന്റെ കാതുകളില്‍ കുതിരയുടെ കുളമ്പടി മുഴങ്ങിക്കോണ്ടിരുന്നു.ഞാന്‍ പേടിച്ചു പോയി, ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു, പിന്നെ എന്തൊക്കെയൊ വ്യക്തമല്ലാ‍ത്ത കാര്യങ്ങള്‍ ചിന്തിച്ച് രാത്രി ഞാന്‍ ഉറങ്ങിയതേയില്ല, എനിക്കേറെ പറയുവാനുണ്ട്, വേദനിക്കുന്ന മനസ്സിന്റെ സ്ഥിരം പരിപാടിയാണല്ലൊ ഇത്. എങ്കിലും ഇപ്പോള്‍ അപൂര്‍ണമായിതന്നെ നിര്‍ത്തുന്നു. എവിടെയോ വായിച്ചപോലെ ഞാനും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുകയാണ് “ദൈവമേ, പ്രണയിച്ചു പ്രണയിച്ചു ഞങ്ങള്‍ക്കു മതിയാകാത്ത ഗന്ധര്‍വന്മാരെ കുറച്ചു കാലത്തേക്ക് കൂടി ഈ ഭൂമിയിലേക്ക് വിടുക. അവരുടെ ജീവിതം ഞങ്ങളില്‍ കാറ്റായും മഴയായും ചിത്രശലഭമായും പറവയായും മാനായും മുത്തമായും നിറയട്ടെ“

Saturday, July 19, 2008

പങ്കുവയ്ക്കപ്പെടാത്ത ഏകാന്തതകള്‍

പങ്കുവയ്ക്കപ്പെടാത്ത ഏകാന്തത
ഉള്ളില്‍ വീര്‍പ്പുമുട്ടിയൊടുവില്‍
എപ്പിഗ്ലോട്ടസ്സില്‍ അര്‍ബുദം ബാധിച്ചവളെപ്പോലെ
എന്നെ നിശ്ശബ്ദയാക്കി
നിന്റെ സ്നേഹത്തിലൊളിപ്പിച്ച
സ്വാര്‍ത്ഥതയുടെ കരിമ്പടമെന്റ മുഖത്ത് വീണ്‍
ഞാന്‍ ശ്വാസം കിട്ടാതെ പിടഞ്ഞു
നിന്റെ മൃദുലമായ സ്പ്ര്ശനത്തിന്റെയോര്‍മ്മപോലും
രാവുകളിലെന്നെ നുള്ളി നോവിച്ചു
നിദ്രാവിഹീനമായ രാത്രികളില്‍
പൂമുഖപ്പടിയില്‍ മലര്‍ന്നുകിടന്ന്
കണ്ണുകള്‍ കൊണ്ട് ആകാശത്ത് കുത്തിവരച്ചു
എന്നിട്ടും എന്നില്‍ നിന്നിറങ്ങിപ്പ്പ്പോയ
അക്ഷരങ്ങളും, പിണങ്ങി നില്‍ക്കുന്ന ചിന്തകളും
ഒളിക്കാനിടം തേടുന്നത് നിന്നില്‍ തന്നെ

Wednesday, June 25, 2008

ഞാനുമെന്‍ നിഴലും നിശ്ശബ്ദം

തോളോട് തോള്‍‌ചേര്‍ന്ന്
മണിക്കൂറുകളോളം മിണ്ടാതിരുന്നൊടു-
വിലിത്തിരിനേരം
അതിമൃദുലമാമംഗുലീസ്പ്ര്ശത്തി-
ലെന്റെ കൈരേഖകളില്‍ വിരല്‍‌തൊട്ട്
നീ കൈ നോട്ടക്കാരനായി,
ആളുംവെയിലിന്റെ പാളികള്‍
സന്ധ്യതന്‍ ചുണ്ടിലെ സിന്ദൂരമാവുമ്പോള്‍
ഈ ജന്മത്തിലെ മുഴുവന്‍ സ്നേഹവും
നിറച്ചൊരു ചുമ്പനം നല്‍കി,
തിരക്കില്‍,
നിലയ്ക്കാത്ത തിരക്കിന്‍ തിരക്കുള്ളില്‍
മറയുന്ന നീ
ക്ഷണികമായെങ്കിലുമെന്റെ സ്വ്പങ്ങള്‍ക്ക്
നിറംപകര്‍ന്ന നിമിഷങ്ങളോര്‍ത്ത്,
വിയര്‍ത്ത നെറ്റിമേലമരും കാറ്റിന്റെ
തണുത്ത ചുണ്ടുകള്‍
കൊതിചച്
ഞാനുമെന്‍ നിഴലും നിശ്ശബ്ദം
മിഴി പൂട്ടി നില്‍പ്പൂ..Wednesday, June 4, 2008

ശിഷ്ടം വരുന്നത്

കര്‍ട്ടനിട്ട വാതിലനപ്പുറം കിട്ടിയ
നൊടിയിട എന്റെ വിരല്‍ത്തുമ്പ്
നീ ഒന്നു സ്പര്‍ശിച്ച സന്ധ്യയില്‍
പിന്നെ,
മെലിഞ്ഞു ശോഷിച്ച വിരലുകളെന്നില്
പൊങ്ങിയും താണും വീര്‍പ്പുമുട്ടുമ്പോള്‍
തടവറക്കുള്ളില്ലേക്കൊതുങ്ങിയ വാക്കുകള്‍...
മനം കുളിരെ നീ മുറുകെ പുല്‍കുമ്പോള്‍
കടലിനേക്കാള്‍ അഗാധമായി നിന്‍
പുളഞ്ഞ വേരുകള്‍ പിണഞ്ഞിറങ്ങുന്നു
വിറയാര്‍ന്നു തെല്ലു വിതുമ്പുമെന്‍ ചുണ്ടില്‍ നിന്നു
ഒടുവില്‍ നീ പതിയെ പിടഞ്ഞു മാറവെ
നിറങ്ങളത്രയുമൊഴിഞ്ഞുമങ്ങിയ
പഴയൊരുചിത്രം പുനര്‍ജനിച്ചപോല്‍

Thursday, May 8, 2008

പുരാതനം

തണുത്ത നിലാവും
ഇളം മഞ്ഞിന്‍ കുളിരുമായി
രാവുകളും
ഇത്തിരി ചുടും
സ്നേഹവചനങ്ങളും
കൊതിക്കുന്ന
പുലര്കാലങ്ങളും
നിശ്ശബ്ദമായി
അലിഞ്ഞു തീര്ന്നു..
ശുന്യമായ യാമങ്ങള്
നിദ്രാരഹിതമായ
മനസ്സും മിഴികളും ..
ദാരിദ്ര്യം പിടിച്ച
എന്റെ പഴഞ്ചന്‍്‍ പ്രേമം..
കുമ്മായമടര്‍ന്നു
പോയ ഭിത്തിയാരും കാണാതിരിക്കാന്‍
തൂക്കിയ ഒരു കലണ്ടര്‍ പോലെ
നീ ഉപേക്ഷിച്ചുപോയ
നീലതൂവാലയില്‍
പടരാനിരിക്കുന്നത്
ആരുടെ സ്നേഹത്തിന്റെ ഗന്ധം..

Wednesday, April 30, 2008

പ്രണയകാലം

ഇടവഴികളില്‍ ..
പുല്‍മേടുകളില്‍
കരിമ്പനക്കാടുകളില്‍
തരിശ്ശുനിലങ്ങളില്‍
വെളിമ്പറമ്പുകളില്‍
പറന്നണയുന്ന കാറ്റ്.
ചാറ്റല്‍ മഴ
അന്യോന്യം കലഹിച്ചുകൊണ്ടിരിക്കുന്ന
മഴയും കാറ്റും...
ഒന്നു ജനല്‍പ്പാളി തുറക്കുകയേ വേണ്ടു
അഴിഞ്ഞ ചിരിയുമായി ഉള്ളിലേക്ക് വരാന്‍...
വിരല്‍തുമ്പില്‍ സ്പര്‍ശിച്ച് കിന്നരിക്കാന്‍..
കുശുമ്പും കുന്നായ്മയും
മൊഴിയുന്ന ചാറ്റല്‍മഴകള്‍..
ഒരിക്കല്‍വരണ്ട ഭൂമിക്ക്മേലെ
പറവകളില്ലാത്ത ആകാശത്തില്‍
മഴയുടെ മുടിയാട്ടം ഞാന്‍
കാണിച്ചു തന്നപ്പോള്‍ നീ ചിരിച്ചു..
പിന്നെ മയക്കത്തിലും സ്വപനത്തിലും
മഴയുടെ വിഹ്വല പരിചരണം..
മഴ തൊട്ടുണര്‍ത്തുന്ന പുതിയ ലോകം
അകാശത്ത് നിലാവൊഴിയുമ്പോള്‍
പാടത്തും പറമ്പിലും പെയ്യുന്ന മഴയും കിനാക്കളും..
മഴയപെയ്തൊഴിയുമ്പോള്‍
പായലിനും ഓരുവെള്ളത്തിനും മീതെ
കടലാസു തോണിയായി
ഒഴുകിനടക്കുന്ന നീയും ഞാനും...